ആലുവ: അങ്കമാലി താലൂക്ക് ആശുപത്രി സിനിമ ചിത്രീകരണത്തിന് നൽകിയതിന് ആശുപത്രി സൂപ്രണ്ടിന് മനുഷ്യാവകാശ കമീഷന്റെ താക്കീത്. വെള്ളിയാഴ്ച്ച ആലുവയിൽ നടന്ന സംസ്ഥാന മനുഷ്യാവകാശ കമീഷൻ സിറ്റിങിലാണ് താക്കീത് നൽകിയത്.
ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ ചലചിത്ര ചിത്രീകരണത്തിന് അനുവാദം നൽകിയെന്ന പരാതിയെ തുടർന്ന് ആശുപത്രി സൂപ്രണ്ടിനോട് സിറ്റിങ്ങിൽ നേരിട്ട് ഹാജരാകാൻ കമീഷൻ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് കമീഷൻ മുമ്പാകെ ഹാജരായ സൂപ്രണ്ടിനോട് ഇത്തരം കാര്യങ്ങൾക്ക് മേലിൽ അനുവാദം നൽകരുതെന്ന് താക്കീത് നൽകുകയായിരുന്നു.
ഒരു വർഷം മുമ്പ് ഇതേ ആശുപത്രിയിൽ പ്രസവ സംബന്ധമായ സർജറിയെ തുടർന്ന്, പ്രസവിച്ച കുട്ടിക്കുണ്ടായ തകരാർ സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. ഇതേക്കുറിച്ചും കമീഷൻ റിപ്പോർട്ട് ആവശ്യപെട്ടിരുന്നു. ഇന്നലെ നടന്ന സിറ്റിങ്ങിൽ ആശുപത്രി അധികൃതർ സമർപ്പിച്ച റിപോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളുമായി മുമ്പോട്ടുപോകാൻ കമീഷൻ തീരുമാനമെടുത്തു. ആകെ 49 പരാതികളാണുണ്ടായിരുന്നത്. ഇതിൽ 39 എണ്ണം പരിഗണിച്ചു. ഒരെണ്ണം തീർപ്പാക്കി.