പിറവം: നഗരത്തിൽനിന്ന് നാല് ബൈക്ക് മോഷണം പോയ സംഭവത്തിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. മുളക്കുളം സൗത്ത് കോരവേലിക്കുഴി ആൽബിൻ മഹജനാണ് (20) പിടിയിലായത്.
പിറവം അഗ്നിരക്ഷാ നിലയത്തിനുസമീപത്തെ വർക്ക് ഷോപ്പിൽനിന്ന് പാഷൻ പ്രോ, യമഹ ക്രക്സ്, പിറവം അണ്ടെത്ത് ജങ്ഷന് സമീപത്ത് വർക്ക്ഷോപ് നടത്തുന്ന സനലിന്റെ പാഷൻ പ്രോ എന്നീ ബൈക്കുകൾ വ്യാഴാഴ്ച രാത്രിയിലും പിറവം പാറേക്കുന്ന് ഭാഗത്ത് കാരമേൽ ലിൻസൺ മാത്യുവിന്റെ ബൈക്ക് വെള്ളിയാഴ്ച രാവിലെ 10.30നുമാണ് മോഷണം പോയത്.
പിറവം അഗ്നിരക്ഷാ നിലയത്തിനുസമീപം താമസിക്കുന്ന മറ്റൊരാളുടെ ബൈക്കും വ്യാഴാഴ്ച രാത്രി മോഷണം നടത്താൻ ശ്രമിച്ചിരുന്നു. ബൈക്കുകൾ മോഷ്ടിച്ച് പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച് കടന്നുകളയുകയാണ് പ്രതി ചെയ്തത്. ഇയാളെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിറവം ഇൻസ്പെക്ടർ ഇൻ-ചാർജ് കൂത്താട്ടുകുളം ഇൻസ്പെക്ടർ വിൻസെന്റ് ജോസഫിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.ആർ. രഞ്ചുമോൾ, കെ.എസ്. ജയൻ, എ.എസ്.ഐമാരായ ജോസ് ഫിലിപ്, ജോർജ് ടി. ജേക്കബ്, സി.പി.ഒ എം.എസ്. ശ്യാംരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.