എറണാകുളം: പെരുമ്പാവൂർ വട്ടക്കാട്ടുപടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ഒഡിഷ സ്വദേശി അഞ്ജന നായിക് ഓടിരക്ഷപ്പെട്ടു.
രാവിലെ ഏഴരയോടെ വട്ടക്കാട്ടുപടി നെടുംപുറത്താണ് സംഭവം നടന്നത്. ആകാശും അഞ്ജനയും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റ ആകാശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്റെ വാടക കെട്ടിടത്തിലാണ് ആകാശ് കുടുംബമായി താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജനയും താമസിച്ചിരുന്നത്.
മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി പെരുമ്പാവൂർ പൊലീസ് അറിയിച്ചു.