മരട്: വിൽപനക്കെത്തിച്ചഎം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റില തൈക്കൂടം വിക്ടർ വീനസ് റോഡ് കോഴി പറമ്പിൽ വീട്ടിൽ നിംസൻ (25) ആണ് പിടിയിലായത്. സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാം സുന്ദറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ കെ. എസ്. സുദർശന്റെ നിർദ്ദേശ പ്രകാരം സിറ്റി ഡാൻസാഫ് ടീമും മരട് പൊലീസും ചേർന്ന് തൈക്കൂടം ഓവർ ബ്രിഡ്ജിനു സമീപത്തു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്നും 23.40 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. വിൽപ്പനക്കായി ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അനേഷിച്ചു വരികയാണ്. അന്വേഷണ സംഘത്തിൽ ഡാൻസഫ് ടീമും മരട് എസ്.എച്ച്.ഒ സാജുകുമാർ, എസ്.ഐ ലെബിമോൻ, എസ്.സി.പി.ഒമാരായ സുമേഷ്, കൃഷ്ണകുമാർ എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.