കാക്കനാട്: ജില്ല ജയിലിൽ കുടിക്കാനും കുളിക്കാനും വെള്ളം തികയാതെ അധികൃതർ നട്ടംതിരിയുന്നു. വേനൽ കടുത്തതോടെ ജയിലിന് അകത്തെയും പുറത്തെയും രണ്ടു കിണറുകളിലെ വെള്ളം വറ്റി. മറ്റു പ്രാഥമികാവശ്യങ്ങൾക്ക് വെള്ളം ശേഖരിച്ചിരുന്നത് ജയിലിന് സമീപത്തെ പാറക്കുളത്തിൽനിന്നാണ്. ഇതും വറ്റിയതോടെ തടവുകാരുടെ രണ്ടു നേരത്തെ കുളി ഒരുനേരമാക്കി അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 250ഓളം അന്തേവാസികൾക്കും ജയിൽ ഉദ്യോഗസ്ഥർക്കുമാണ് പ്രാഥമികാവശ്യങ്ങൾക്ക് വെള്ളം വേണ്ടത്.
ജില്ല ജയിലിനുമുന്നിലെ ഫുഡ് കൗണ്ടറിലേക്കുള്ള ചപ്പാത്തി, കറി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ പാചകത്തിന് ജയിൽ വകുപ്പിനുകീഴിലുള്ള കിണറ്റിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ അതും വറ്റിയിരിക്കുകയാണ്. ജല അതോറിറ്റിയുടെ പൈപ്പ് വഴി ജയിലിൽ വെള്ളമെത്തുന്നത് ആഴ്ചയിൽ രണ്ടു ദിവസം മാത്രമാണ്. ഇടക്ക് തൃക്കാക്കര നഗരസഭ ടാങ്കറിൽ വെള്ളമെത്തിച്ചിട്ടും തികയുന്നില്ല. പൊള്ളുന്ന വിലക്ക് ടാങ്കർ വെള്ളം വാങ്ങിയാണ് ജയിലിലെ തടവുകാരുടെ ദൈനംദിന ആവശ്യങ്ങൾക്കും പാചകത്തിനും ഉപയോഗിക്കുന്നത്.
ജില്ല ജയിലിൽ പാർപ്പിക്കാൻ കഴിയുന്ന അന്തേവാസികളുടെ എണ്ണം 100 ആണ്. എന്നാൽ നിലവിൽ 215 പേരുണ്ട്. ഓരോ ബ്ലോക്കിലെ സെല്ലിലും ആൾക്കാരെ കുത്തിനിറച്ചാണ് പാർപ്പിച്ചിരിക്കുന്നത്. 11 പേരെ ഇടാൻ സൗകര്യമുള്ള സമീപത്തെ വനിത ജയിലിലാണെങ്കിൽ 25ഓളം അന്തേവാസികളുണ്ട്. വെള്ളക്ഷാമത്തിന് പരിഹാരം കാണാൻ ഭൂഗർഭജല വകുപ്പ് കുഴൽക്കിണർ നിർമിക്കാമെന്ന് അറിയിച്ചെങ്കിലും തുടർനടപടികൾ വൈകുകയാണ്. ഭൂഗർഭ ജല വകുപ്പ് പരിശോധിച്ച് വെള്ളം കിട്ടുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അടിയന്തരമായി നിർമാണം തുടങ്ങിയില്ലെങ്കിൽ ജയിലിലെ ജലക്ഷാമം രൂക്ഷമാകുമെന്നാണ് ആശങ്ക.