കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവ് ആരാണെന്നതു സംബന്ധിച്ച് പരാതി കിട്ടിയാൽ അന്വേഷിക്കുമെന്ന് എറണാകുളം സൗത്ത് പൊലീസ്. ഇതുവരെ പരാതി കിട്ടിയിട്ടില്ല. കുട്ടിയുടെ കൊലപാതകത്തിൽ ഇയാൾക്ക് പങ്കില്ലെന്നാണ് വിവരമെന്നും ഇവർ തമ്മിൽ നിലവിൽ ബന്ധമൊന്നും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട തൃശൂർ സ്വദേശിയാണ് കുഞ്ഞിന്‍റെ പിതാവെന്നാണ് സൂചന.
കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രമാണ് ഇപ്പോൾ അന്വേഷണമെന്നും ഇതിൽ യുവതിയുടെ മാതാപിതാക്കൾക്ക് പങ്കില്ലെന്നും സൗത്ത് സി.ഐ പറഞ്ഞു. കുട്ടി കരഞ്ഞപ്പോൾ വായയും മൂക്കും പൊത്തിപിടിക്കുകയയായിരുന്നു. ഇതേ തുടർന്ന് ശ്വാസം മുട്ടി. ദേഹോപദ്രവം ഏൽപ്പിച്ചിട്ടുമുണ്ട്. മരിച്ചെന്ന് ഉറപ്പായതോടെ ആരും കാണാതെ ഒളിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ അമ്മയെത്തി കതകിൽ മുട്ടിയതോടെ പേടിച്ച് അഞ്ചാംനിലയിലെ ബാൽക്കണിയിൽനിന്ന് താഴെക്ക് എറിയുകയായിരുന്നു.
കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും തന്‍റെ കാര്യമറിഞ്ഞാൽ കൂടുതൽ പ്രശ്നങ്ങളായെങ്കിലോ എന്നോർത്ത് ഗർഭിണിയായ വിവരം മറച്ചുവെക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയതായാണ് വിവരം. ഗർഭിണിയാണെന്ന കാര്യം പുറത്തറിയാതിരിക്കാൻ വലിപ്പമേറിയ വസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.