ആലുവ: മധ്യകേരളത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാറിൽ മണൽക്കൊള്ള രൂക്ഷമായി. ഇത് വിശാലകൊച്ചിയുടെയടക്കം കുടിവെള്ളത്തിന് ഭീഷണിയായിട്ടുണ്ട്. ആലുവ ജലശുചീകരണ കേന്ദ്രത്തോട് ചേർന്നാണ് മണലൂറ്റ് കൂടുതലും നടക്കുന്നത്. ജലശുചീകരണ ശാലയിലേക്ക് വെള്ളം ശേഖരിക്കാനുള്ള കാച്ച്മെൻറ് ഏരിയയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് പ്രധാനമായും മണൽ വാരുന്നത്. ഈ പ്രദേശത്ത് മാത്രം രാത്രികാലങ്ങളിൽ നിരവധി ലോഡ് മണലാണ് കയറിപ്പോകുന്നത്. അതിനാൽതന്നെ ശുചീകരണ ശാലയിലേക്ക് നല്ല വെള്ളം കിട്ടാതെയാകും.
ആഴ്ചകളോളമായി ആലുവ പട്ടണത്തോട് ചേർന്ന പുഴയോരങ്ങളിലാണ് മണൽവാരൽ വീണ്ടും രൂക്ഷമായത്. രാത്രി ഒമ്പതരയോടെ കടത്തുകടവ് ഭാഗത്തുനിന്ന് കൂട്ടമായും ഒറ്റയായും വഞ്ചികൾ കുത്തിത്തുഴഞ്ഞ് വെളിച്ചമില്ലാത്ത പ്രദേശങ്ങളിൽ തമ്പടിക്കും. ഒരുസംഘം വഞ്ചിക്കാർ അവിടെ തമ്പടിച്ച് മണൽവാരൽ ആരംഭിക്കും. മറ്റുള്ളവർ മണപ്പുറത്തോട് ചേർന്ന് മംഗലപ്പുഴ പാലത്തിന്റെ ഭാഗത്തേക്ക് വഞ്ചിതിരിക്കും. മുമ്പ് മോട്ടോർ ഘടിപ്പിച്ച വഞ്ചി ഉപയോഗിച്ചാണ് മണൽ വാരുന്നതിന് മാഫിയ സംഘങ്ങൾ പോയിരുന്നത്. എന്നാൽ, ശിവരാത്രി മണപ്പുറത്ത് വ്യാപാരമേള നടക്കുന്നതിനാൽ ആളുകളുടെ ശ്രദ്ധ വരാതിരിക്കാനാണ് മോട്ടോർ ഉപേക്ഷിച്ചിരിക്കുന്നത്.
വഞ്ചി നിറയുന്നതുവരെ ഓരോസംഘവും മണലൂറ്റ് തുടരും. പുലർച്ചവരെ ഓരോ വഞ്ചികളിലായി മണൽ നിറക്കും. നിറയുന്ന വഞ്ചികൾ സ്ഥലം കാലിയാക്കും. മാസങ്ങൾക്കുമുമ്പ് വാർത്തകൾ വന്നതോടെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, നിലവിൽ പൊലീസ് പട്രോളിങ് നിലച്ച അവസ്ഥയാണ്. മണൽ വാരുന്ന പ്രദേശങ്ങളിൽ കുഴികൾ വർധിക്കുകയും പുഴയിൽ ചളി നിറയുകയും ചെയ്യും. വെള്ളത്തിൽ ചളിയുടെ അളവ് കൂടിയാൽ ജലശുചീകരണത്തെ ബാധിക്കും. ചളി കൂടുന്നതിനനുസരിച്ച് ശുചീകരിക്കാൻ സമയമെടുക്കും. ഇത് ജലക്ഷാമത്തിന് ഇടവരുത്തും.