മട്ടാഞ്ചേരി: മൂന്നര വയസ്സുകാരനായ പ്ലേ സ്കൂൾ വിദ്യാർഥിയുടെ മുതുകിൽ ചൂരൽ കൊണ്ട് ക്രൂരമായി അടിച്ച് പരിക്കേൽപിച്ച അധ്യാപികയെ പിരിച്ചുവിട്ടു. താൽക്കാലിക അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ അധികൃതരാണ് അറിയിച്ചത്.
ചോദ്യത്തിന് ഉത്തരം നൽകാത്തതിനെ തുടർന്നായിരുന്നു വിദ്യാർഥിക്ക് നേരെയുള്ള അധ്യാപികയുടെ മർദനം. മട്ടാഞ്ചേരി പാലസ് റോഡിലെ സ്വകാര്യ സ്മാർട്ട് കിഡ് പ്ലേ സ്കൂളിൽ ബുധനാഴ്ചയുണ്ടായ സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പരാതിയിൽ അധ്യാപിക മട്ടാഞ്ചേരി ആനവാതിൽ സ്വദേശിനി സീതാലക്ഷ്മിയെ (35) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചൂരൽ കൊണ്ടുള്ള മർദനത്തിൽ കുട്ടിയുടെ മുതുകിൽ എട്ട് പാടുകളുണ്ട്. കുട്ടി സ്കൂൾവിട്ട് വീട്ടിൽ വന്നശേഷം വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പുറത്തെ പാടുകൾ കണ്ടത്. തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.
ഒരു മാസത്തോളമായി കുട്ടി സ്കൂളിൽ പോകാൻ മടി കാണിച്ചിരുന്നതായും മുമ്പും കുട്ടിയുടെ ദേഹത്ത് അടിച്ച പാടുകൾ കണ്ടിട്ടുള്ളതായും വ്യാഴാഴ്ചയും പാടുകൾ കണ്ടതിനെ തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നുവെന്നും അമ്മ പറഞ്ഞു. അറസ്റ്റിലായ അധ്യാപികയെ പിന്നീട് ജാമ്യത്തിൽ വിട്ടു.