കൊച്ചി: അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ കഴിഞ്ഞ മൂന്നര വർഷത്തിനിടെ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 1378 കേസുകൾ. വീടുകളിലും സ്ഥാപനങ്ങളിലും തിരക്കേറിയ കേന്ദ്രങ്ങളിലുമൊക്കെ മോഷണങ്ങൾ നടന്നിട്ടുണ്ട്. സി.സി ടി.വി അടക്കം സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്ന കൊച്ചിയിലെ സംഗീത പരിപാടിക്കിടെ 22 ഐഫോണുകളും 13 ആൻഡ്രോയ്ഡ് ഫോണുകളും മോഷണംപോയ സംഭവത്തിലും അന്വേഷണം നീളുന്നത് കേരളത്തിന് പുറത്തേക്കാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. 2021 മുതൽ 2024 സെപ്റ്റംബർ 29 വരെയുള്ള കണക്കുകൾ പ്രകാരം കേസുകളുമായി ബന്ധപ്പെട്ട് 1325 പേർ അറസ്റ്റിലായിട്ടുണ്ടെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. 1044 കേസുകളിലാണ് മോഷണമുതൽ തിരികെ പിടിക്കാൻ അന്വേഷണ സംഘങ്ങൾക്ക് കഴിഞ്ഞത്.
ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള കേന്ദ്രങ്ങളിൽപോലും മോഷണം നടക്കുമ്പോൾ കർശന നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. 2021ൽ 192 കേസുകൾ അന്തർസംസ്ഥാന മോഷ്ടാക്കൾക്കെതിരെ രജിസ്റ്റർ ചെയ്തപ്പോൾ 182 കേസുകളിൽ അറസ്റ്റുണ്ടായി. 146 കേസുകളിൽ മോഷണമുതൽ കണ്ടെത്തുകയും ചെയ്തു. 2022ൽ 360 കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും 350 കേസുകളിൽ പ്രതികൾ പിടിയിലാകുകയും ചെയ്തു. 263 കേസുകളിൽ മോഷണമുതൽ കണ്ടെടുത്തു.
2023ൽ 519 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 499 കേസുകളിൽ മോഷ്ടാക്കൾ പിടിയിലാകുകയും 411 കേസുകളിൽ മോഷണമുതൽ കണ്ടെത്തുകയും ചെയ്തു. 2024ൽ 307 കേസുകളിൽനിന്ന് 294 അറസ്റ്റുണ്ടായി. 244 കേസുകളിൽ മോഷണമുതൽ കണ്ടെത്തി. അതേസമയം മുൻകൂട്ടി പദ്ധതികൾ തയാറാക്കി സംസ്ഥാനങ്ങൾ കടന്നെത്തി, മോഷണം നടത്തി ഉടൻ നാടുവിടുന്ന വമ്പൻ മോഷ്ടാക്കളെ കുടുക്കാൻ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഉദ്യോഗസ്ഥർ. ഇത്തരം കേസുകളിൽ പലപ്പോഴും പ്രതികളെ തിരിച്ചറിയാൻ വിശദ അന്വേഷണം ആവശ്യമാണ്. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സേനയെക്കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള വിപുലമായ അന്വേഷണമാണ് ലക്ഷ്യമിടുന്നത്. കേരള പൊലീസ് സംസ്ഥാനത്തിന് പുറത്തെത്തി അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ നിരവധി കേസുകൾ
ഇക്കൂട്ടത്തിലുണ്ട്.