വൈപ്പിൻ: ഫോർട്ട്കൊച്ചി -വൈപ്പിൻ റൂട്ടിലെ രണ്ടു റോ റോകളിൽ ഒന്ന് സർവിസ് നിർത്തിയതോടെ വീണ്ടും ജനത്തിന് ദുരിതയാത്ര. സ്റ്റിയറിങ് തകരാറിനെ തുടർന്ന് സേതു സാഗർ -2 എന്ന റോ റോ സർവിസ് ആണ് നിർത്തിയത്.
ഒരു മാസത്തോളമായി ഈ റൂട്ടിൽ ഒരു റോ റോ മാത്രമാണ് സർവിസ് നടത്തുന്നത്. സേതു സാഗർ -ആഴ്ചകൾക്ക് മുമ്പും ഇതേ കാരണത്താൽ നാലു ദിവസം സർവിസ് മുടങ്ങിയിരുന്നു. അടിക്കടി റോ റോ തകരാറിലാവുന്നതിനാൽ ജനങ്ങൾ ദുരിതത്തിലാണ്.
ഇതുമൂലം വൈപ്പിൻ ജെട്ടിയിലും ഫോർട്ട് കൊച്ചിയിലും യാത്രക്കാരുടെയും വാഹനങ്ങളുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നത് മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കും യാത്ര ബുദ്ധിമുട്ടാണ്. രണ്ടും സർവിസ് നടത്തുകയാണെങ്കിൽ പരമാവധി പത്തു മിനിറ്റ് കാത്തു നിന്നാൽ മറുകരയിൽ എത്താം. എന്നാൽ, ഇപ്പോൾ അര മണിക്കൂറോളം നേരം ജെട്ടിയിൽ കാത്തു കിടക്കേണ്ട അവസ്ഥയാണ്.
വലിയ തകരാറുകളാണെങ്കിൽ മുംബൈയിൽനിന്ന് ആളെത്തിയിട്ടു വേണം റിപ്പയർ ചെയ്യാൻ. ഇതുമൂലം പലപ്പോഴും ദിവസങ്ങളോളം ഒരു റോ റോ മാത്രമേ സർവിസിനുണ്ടാകു. ഓണത്തോടനുബന്ധിച്ചും യാത്രികരുടെ എണ്ണം കൂടും.
യാത്രാദുരിതം അവസാനിപ്പിക്കാൻ മുന്നാമതൊരു റോ റോ വേണമെന്നാവശ്യപ്പെട്ട് വൈപ്പിൻ ജനകീയ കൂട്ടായ്മ 2017 മുതൽ കോർപറേഷനും സർക്കാറിനും നിവേദനം നൽകാൻ തുടങ്ങിയതാണ്. ഇതിനായി 2022 ലെ സംസ്ഥാന ബജറ്റിൽ 10 ലക്ഷം രൂപയും സർക്കാർ വകയിരുത്തി. കൂടാതെ സി എസ്.എം.എൽ 10 ലക്ഷം രൂപ അനുവദിച്ചതായും പ്രഖ്യാപനം വന്നു. എന്നാൽ ഇതുവരെയും നടപടിയായില്ല. നിലവിലെ സാഹചര്യത്തിൽ ഈ ആവശ്യമുന്നയിച്ച് വീണ്ടും പ്രതിഷേധം ഉയരുകയാണ്.