ആലുവ: ബൈപാസ് അടിപ്പാതകളിൽ സ്ലാബുകൾ തകർന്ന കാനകൾ അപകടങ്ങൾക്കിടയാക്കുന്നു. കാനയിൽ വീണ് ഓട്ടോറിക്ഷക്ക് തകരാർ സംഭവിച്ചു. തിരക്കേറിയ സമയത്ത് ഗതാഗതക്കുരുക്കിനും അപകടം വഴിയൊരുക്കി. മേൽപാലത്തിന് കീഴിൽ നിരവധി അടിപ്പാതകളുണ്ട്. ഈ വഴികളിലെ കാനകളാണ് അപകടങ്ങൾക്കിടയാക്കുന്നത്. ഇത്തരത്തിൽ, വളവിൽ സ്ലാബില്ലാത്ത കാനയിലാണ് തിങ്കളാഴ്ച വൈകീട്ട് ഓട്ടോറിക്ഷ വീണത്.
നഗരത്തിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. സർവിസ് റോഡിൽ മാർക്കറ്റ് ഭാഗത്ത് ബസുകൾ നിർത്തുന്ന പ്രദേശം കൂടിയാണിത്. അതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകാനും ഇത് ഇടയാക്കി. മാർക്കറ്റ് പരിസരത്തെ അടിപ്പാതയിലാണ് കൂടുതൽ അപകട ഭീഷണി. നഗരത്തിൽനിന്ന് അങ്കമാലി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ഇതുവഴിയാണ് ദേശീയപാതയിലേക്ക് പോകുന്നത്.
ഈ വഴിയുടെ വളവിലാണ് പ്രധാനമായും സ്ലാബ് തകർന്നത്. വർഷങ്ങളായി ഈ അവസ്ഥ തുടരുന്നു. തിരക്കേറിയ ഈ ഭാഗത്ത് ഇരുചക്ര വാഹനങ്ങളടക്കം കാനയിൽ ചാടുന്നതും പതിവാണ്. ഈ പ്രശ്നം ചൂണ്ടിക്കാട്ടി നഗരസഭയടക്കം നിരവധി പരാതി നൽകിയിരുന്നു.