കൊച്ചി: അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്ന പേരിൽ ‘മാധ്യമം’ എഡിറ്റർക്കും പബ്ലിഷർക്കുമെതിരെ നിലവിലിരുന്ന കേസ് ഹൈകോടതി റദ്ദാക്കി.
യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തിയ പ്രക്ഷോഭത്തിന്റെയും പൊലീസിൽ നൽകിയ പരാതിയുടെയും നടപടിയുടെയും വാർത്ത നൽകിയതിന്റെ പേരിൽ തൃശൂർ തിരുവില്വാമല സ്വദേശിനി നൽകിയ പരാതിയിൽ വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.
പരാതിക്കാരിയുടെ അന്തസ്സിനെ ബാധിക്കുന്ന വിധത്തിൽ വാർത്ത നൽകിയെന്ന പേരിലായിരുന്നു കേസ്. ഇത്തരമൊരു വകുപ്പ് തങ്ങൾക്കെതിരെ നിലനിൽക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എഡിറ്ററായിരുന്ന ഒ. അബ്ദുറഹ്മാൻ, പ്രിന്റർ ആൻഡ് പബ്ലിഷർ ടി.കെ. ഫാറൂഖ് എന്നിവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഇന്ത്യൻ ശിക്ഷ നിയമം 499 പ്രകാരം അപകീർത്തി കേസ് നിലനിൽക്കാനാവശ്യമായ ഘടകങ്ങൾ 2016 ജൂലൈ ആറിന് പ്രസിദ്ധീകരിച്ച വാർത്തയിൽ ഇല്ലെന്ന് കോടതി വിലയിരുത്തി.
യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ പരാതിക്കാരിയുടെ ശാരീരിക-മാനസിക പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന ആരോപണം നാട്ടുകാരും ബന്ധുക്കളും ഉയർത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവ് പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്ന് പരാതിക്കാരിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.
ഈ വാർത്തയാണ് ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്. അപകീർത്തി കേസ് നിലനിൽക്കാൻ മതിയായതൊന്നും ഈ വാർത്തയിലില്ല. വാർത്തയിൽ ഹരജിക്കാരുടെ പങ്ക് പ്രത്യേകം സ്ഥാപിക്കാൻ പരാതിക്കാരിക്ക് ആയിട്ടില്ലെന്നും സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ഹരജിക്കാർക്കുവേണ്ടി കെ. രാകേഷ് ഹാജരായി.