മൂവാറ്റുപ്പുഴ: മൂവാറ്റുപ്പുഴയിൽ കുളിക്കാനിറങ്ങിയ മുത്തശ്ശിയും കൊച്ചുമകളും മുങ്ങി മരിച്ചു. ഒരാളുടെ നില ഗുരുതരം. കിഴക്കേക്കുടിയിൽ ആമിന (60), കൊച്ചുമകൾ ഫർഹ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ഫർഹയുടെ സഹോദരി ഫന ഫാത്തിമയെ ഗുരുതരനിലയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫന നിലവിൽ വെന്‍റിലേറ്ററിലാണുള്ളത്.
രാവിലെ 11 മണിയോടെ മൂവാറ്റുപ്പുഴ നഗരസഭ പതിനൊന്നാം വാർഡിലെ രണ്ടാർകരയിൽ നെടിയാൻമല കടവിലാണ് അപകടമുണ്ടായത്. തുണി അലക്കുന്നതിനും കുളിക്കുന്നതിനുമാണ് ആമിനയും കൊച്ചുമക്കളും കടവിലെത്തിയത്. രണ്ടു പേർ പുഴയിൽ മുങ്ങിയതായി പ്രദേശവാസികളാണ് സ്ത്രീകളാണ് സമീപത്ത് പെയിന്‍റിങ് ജോലി ചെയ്തിരുന്നവരെ അറിയിച്ചത്.
ഉടൻ തന്നെ ഇവർ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആമിനയെയും ഫർഹയെയും പുഴയിൽ നിന്ന് മുങ്ങിയെടുത്തെങ്കിലും ഫന അപകടത്തിൽപ്പെട്ടതായി അറഞ്ഞിരുന്നില്ല. പിന്നീട് വീട്ടുകാരാണ് മൂന്നു പേർ കുളിക്കാൻ പോയതായി അറിയിച്ചത്.
അഗ്നിശമനസേന എത്തിയാണ് മൂന്നാമത്തെ ആളെ മുങ്ങിയെടുത്തത്. കുട്ടികളെ ആദ്യം മൂവാറ്റുപ്പുഴയിലെ സ്വകാര്യ ആശുപത്രിയും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചു.