മൂവാറ്റുപുഴ: ജനവാസ കേന്ദ്രത്തിൽ പ്ലൈവുഡ് കമ്പനിക്ക് അനുമതി നൽകിയ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് പ്രദേശ വാസികൾ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന കുളങ്ങാട്ട് പാറയിൽ പുതിയതായി ആരംഭിക്കുന്ന പ്ലൈവുഡ് കമ്പനിക്ക് അനുമതി നൽകിയ പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് കുളങ്ങാട്ട് പാറ ആക്ഷൻ കൗൺസിലിൽ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചത്.
കമ്പനി പ്രവർത്തനം ആരംഭിച്ചാൽ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുകയും 150 ഓളം കുടുംബങ്ങൾ തിങ്ങിപാർക്കുന്ന കോളനി പ്രദേശത്തെ ദുരിതത്തിലേക്ക് തള്ളി വിടുകയും ചെയ്യുമെന്ന് നാട്ടുകാർ പറഞ്ഞു. കല്ലൂർക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പഞ്ചായത്ത് ഓഫിസിനുമുന്നിൽ അവസാനിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ ജോഷി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സുഭാഷ് കടയ്ക്കോട്, ജോളി പൊട്ടക്കൻ, വിൽസൻ നെടുങ്കല്ലേൽ തുടങ്ങിയവർ പ്രസംഗിച്ചു. സമരം സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ നിർമാണം നടക്കുന്ന കമ്പനിയുടെ മുന്നിൽ പന്തൽ കെട്ടി സമരം ആരംഭിക്കുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.