അങ്കമാലി: പട്ടണത്തിലെ ബാറിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാൾകൂടി പൊലീസ് പിടിയിൽ. തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണിയെയാണ് (41) അങ്കമാലി പൊലീസ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയായ ഇയാൾ സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽകഴിയുകയായിരുന്നു.
ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി ഇൻസ്പെക്ടർ ആർ.വി. അരുൺകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കിടങ്ങൂർ സ്വദേശി ആഷിഖ് മനോഹരനെയാണ് (39) സംഘം ചേർന്ന് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണ സംഘത്തിൽ അങ്കമാലി എസ്.ഐ കെ. പ്രദീപ്കുമാർ, എ.എസ്.ഐ ഫ്രാൻസിസ്, സീനിയർ സി.പി.ഒ എബി സുരേന്ദ്രൻ, സി.പി.ഒ ഷിഹാബ് എന്നിവരാണുണ്ടായിരുന്നത്.