കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ വയഡക്ട് പാലങ്ങളുടെയും സ്റ്റേഷനുകളുടെയും നിർമാണം ഏഴിന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചിൻ സ്പെഷൽ ഇക്കണോമിക് സോൺ മെട്രോ സ്റ്റേഷൻ പരിസരത്ത് ആദ്യ വർക്കിങ് പൈൽ സ്ഥാപിച്ചാണ് നിർമാണത്തിന് തുടക്കമിടുന്നത്.
ആദ്യ വർക്കിങ് പൈൽ നിർമാണ പ്രവർത്തനത്തിന്റെ സ്വിച്ച് ഓൺ ചടങ്ങ് മന്ത്രി പി. രാജീവ് നിർവഹിക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പദ്ധതിയുടെ രണ്ടാംഘട്ടം (പിങ്ക് ലൈൻ) നിർമാണം 1141 കോടി രൂപക്ക് അഫ്കോൺസ് ഇൻഫ്രാ സ്ട്രക്ച്ചർ ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് കരാർ നൽകിയിരിക്കുന്നത്. കൊച്ചി മെട്രോ റെയിലിന്റെ അംഗീകരിച്ച പദ്ധതിയുടെ ആകെ നിർമാണ ചെലവ് 1957 കോടിയാണ്. നിർമാണം പൂർത്തികരിച്ച് രണ്ടു വർഷത്തിനുള്ളിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.