മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പോയാലിമലയിൽ നടന്ന ബയോ സർവേയിൽ അപൂർവമായി മാത്രം കണ്ടു വരുന്ന എട്ടുകാലിയെ കണ്ടെത്തി. കേരളത്തിൽ അപൂർവമായി കണ്ടുവരുന്ന ഇന്ത്യൻ സോഷ്യൽ സ്പൈഡർ എന്ന എട്ടുകാലി വർഗത്തെയാണ് കണ്ടെത്തിയത്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ മൂവാറ്റുപുഴ ഏരിയ, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജ് ഫോറസ്റ്റ് ക്ലബ്, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളജ് ഫോറസ്റ്റ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഞായറാഴ്ച രാവിലെ മുതൽ ഉച്ചവരെ പ്രാഥമിക സർവേ സംഘടിപ്പിച്ചത്.
മിക്ക എട്ടുകാലി വർഗങ്ങളും ഒറ്റക്ക് ജീവിക്കുമ്പോൾ ഇതിനു വിഭിന്നമായാണ് ‘സ്റ്റിഗോഡിഫസ് സറസിനോറം’ എന്ന ഈ എട്ടുകാലിവർഗം ചെറുസമൂഹങ്ങളായി പരസ്പരം സഹകരിച്ചാണ് ജീവിക്കുന്നത്. എട്ട് മുതൽ10 അടി ഉയരമുള്ള കുറ്റിച്ചെടികളിൽ കൂട്ടമായി വല കെട്ടി, വലകൾക്കുള്ളിലെ ചെറിയ കോട്ടകളിൽ പകൽ വിശ്രമിക്കുകയും സൂര്യാസ്തമയത്തോടെ പുറത്തിറങ്ങി ഇരകളെ പിടിക്കുകയുമാണ് ഇവ ചെയ്യുന്നത്.
സർവേയുടെ ഭാഗമായി, പായിപ്ര പഞ്ചായത്ത് മൂന്നാം വാർഡിൽ ഉൾപ്പെടുന്ന പോയാലിമലയിലെ കുറ്റിച്ചെടികൾ, ചെറുസസ്യങ്ങൾ, വൃക്ഷങ്ങൾ, വള്ളിച്ചെടികൾ, പായലുകൾ എന്നിവ ഉൾപ്പെടെ 40ലധികം ഇനം ഔഷധസസ്യങ്ങളും ചിത്രശലഭങ്ങൾ, മറ്റ് പ്രാണികൾ എന്നിവയെയും കണ്ടെത്താൻകഴിഞ്ഞു. ഇവയുടെ സംരക്ഷണ നടപടികൾ ഉറപ്പാക്കുക എന്നതാണ് ബയോ സർവേയുടെ അടുത്ത പ്രധാന ലക്ഷ്യം. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ സംസ്കാരം രൂപപ്പെടുത്താനും യുവഡോക്ടർമാരുടെ സസ്യങ്ങളെ തിരിച്ചറിയാനുള്ള താൽപര്യം വർധിപ്പിക്കാനും സർവേ ഉപകരിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ്, ബയോ സർവേയുടെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡംഗം റജീന ഷിഹാജ്, പായിപ്ര ഗവ. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫിസറും ബയോ സർവേ ലീഡറുമായ ഡോ. ജോസഫ് തോമസ്, ഡോ. ശ്രീരാജ് കെ. ദാമോദർ, ബയോ ക്യാമ്പ് കോഓഡിനേറ്റർ ഡോ. രവീന്ദ്രനാഥ കാമത്ത്, ബയോ സർവേ റിസോഴ്സ് പേഴ്സൻ ഡോ. നിയ ശിവൻ രൺദീപ്, തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളജ് ഫോറസ്റ്റ് ക്ലബ് ഇൻചാർജ് ഡോ. രേഷ്മ പി. ജോൺ, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ബിനോയ് ഭാസ്കരൻ, പോയാലിമല സംരക്ഷണ സമിതി മെമ്പർ പി.എം. നൗഫൽ തുടങ്ങിയവർ സർവേയിൽ പങ്കെടുത്തു.