മൂവാറ്റുപുഴ: ജൽജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കൽ മൂലം കുളമായ ആശ്രമം ബസ്സ്റ്റാൻഡ് – കിഴക്കേക്കര റോഡിലെ കുഴിമൂടാൻ സ്വന്തം കൈയിൽനിന്ന് പണം മുടക്കി പാറമക്ക് എത്തിച്ച് ട്രാഫിക് പൊലീസ്.
കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ പൈപ്പ് ലൈൻ സ്ഥാപിച്ചുവരുകയാണ്. ഇതോടെ തിരക്കേറിയ റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും രൂക്ഷമായതോടെയാണ് പൊലീസ് കല്ലും മണ്ണും എത്തിച്ച് കുഴി മൂടിയത്. നഗരത്തിലെ പ്രധാന ബൈപാസായി മാറിയിരിക്കുകയാണ് വീതികുറഞ്ഞ ഈ റോഡ്. ശനിയാഴ്ച കൂടിയായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
രണ്ട് വാഹനം ഒരേസമയം ഇരു ഭാഗത്തുനിന്നും എത്തിയാൽ കടന്നുപോകാൻ കഴിയില്ല. ഇതിനിടെയാണ് പൈപ്പ് ലൈൻ സ്ഥാപിക്കൽ നടക്കുന്നത്. ശക്തമായ മഴ കൂടിയായതോടെ പൈപ്പ് സ്ഥാപിച്ച് മൂടിയ ഭാഗങ്ങളിൽ ഭാരവണ്ടികൾ ചളിയിൽ താഴ്ന്ന് ഗതാഗതം സ്തംഭിക്കുന്നത് പതിവായി. ഇതോടെയാണ് ശനിയാഴ്ച പൊലീസ് ഇടപെട്ട് നേരിട്ട് മക്കിട്ട് കുഴി സുരക്ഷിതമാക്കിയത്.
രണ്ടുദിവസങ്ങളിലായി നാലോളം വാഹനങ്ങളാണ് കുഴിയിൽ ചരിഞ്ഞ് ഗതാഗതം സ്തംഭിച്ചത്. ശനിയാഴ്ച രാവിലെ കിഴക്കേക്കര ഹൈസ്കൂളിനുസമീപം തടിയുമായെത്തിയ ലോറി കുഴിയിൽ വീണ് മണിക്കൂറുകളോളമാണ് ഗതാഗതം തടസ്സപ്പെട്ടത്.
ഇതേതുടർന്ന് ജൽജീവൻ കരാറുകാരനോടും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരോടും റോഡിലെ വീതികുറഞ്ഞ ഭാഗങ്ങളിൽ കുഴി നന്നായി മണ്ണിട്ട് മൂടി മക്കിട്ട് ഉറപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. കരാറുകാരൻ കൈയൊഴിയുകയും ചെയ്തു. ഇതിനിടെ ശനിയാഴ്ച രാവിലെ വീണ്ടും വാഹനം കുഴിയിൽ വീണ് ഗതാഗതം താറുമാറായതോടെയാണ് ട്രാഫിക് എസ്.ഐ കെ.പി. സിദ്ദീഖിന്റെ നേതൃത്വത്തിൽ പാറമക്ക് ഇറക്കി കുഴികൾ സുരക്ഷിതമായി മൂടി അപകടാവസ്ഥ ഒഴിവാക്കിയത്. ഇതിനു ശേഷം വാട്ടർ അതോറിറ്റി അധികൃതരും അപകടാവസ്ഥയുള്ള സ്ഥലങ്ങളിൽ മക്കിറക്കി സുരക്ഷ ഉറപ്പാക്കി.