പള്ളിക്കര (കൊച്ചി): മനക്കക്കടവിൽ 18.5 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കൊടുങ്ങല്ലൂർ കരുമാത്ര കരൂപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്.
ഓപറേഷൻ ക്ലീനിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിനുസമീപം കഞ്ചാവ് വിൽപനക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ രണ്ട് ബാഗാണ് ഉണ്ടായിരുന്നത്. ഒരു ബാഗിൽ അഞ്ച് പാക്കറ്റിലും അടുത്ത ബാഗിൽ നാല് പാക്കറ്റിലും കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു.
രതീഷ് പറഞ്ഞയാൾക്ക് കഞ്ചാവ് കൈമാറുന്നതിനാണ് ഫാദിൽ എത്തിയത്. ഫാദിലിനെ പിടികൂടിയതറിഞ്ഞ് രതീഷ് ഒളിവിൽ പോയി. തുടർന്ന് പ്രത്യേക അന്വേഷണസംഘം പാലക്കാട് ശ്രീകൃഷ്ണപുരത്തെത്തി രതീഷിനെ സാഹസികമായി പിടികൂടുകയായിരുന്നു. കളമശ്ശേരി ഭാഗത്തെ ലോഡ്ജിലാണ് കഞ്ചാവ് വിൽപനക്ക് സൂക്ഷിച്ചിരുന്നത്. മനക്കക്കടവ് ഭാഗത്ത് എത്തിക്കാനാണ് ഫാദിലിനോട് പറഞ്ഞിരുന്നത്. കഴിഞ്ഞദിവസം ബിനാനിപുരത്ത് അറസ്റ്റിലായ യുവതി ഉൾപ്പെടെയുള്ള ആറുപേർ രതീഷിന്റെ സുഹൃത്തുക്കളാണ്. ഒാൺലൈൻ ഭക്ഷ്യവിതരണത്തിന്റെ മറവിൽ കഞ്ചാവ് വിൽക്കുന്ന ഇവരിൽനിന്ന് ആറരകിലോ കഞ്ചാവാണ് അന്ന് കണ്ടെടുത്തത്. സ്ഥിരമായി കഞ്ചാവ് വിൽക്കുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.