മൂവാറ്റുപുഴ: പായിപ്രയിൽ വീണ്ടും കുന്നിടിച്ച് മണ്ണെടുപ്പ്. പഞ്ചായത്തിലെ 21ാം വാർഡിൽപ്പെട്ട എല്ലുപടി- കമ്പനി റോഡിലാണ് സ്വകാര്യ വ്യക്തിയുടെ 11 ഏക്കറോളം വരുന്ന പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണെടുത്ത് കടത്തുന്നത്. സംഭവം സംബന്ധിച്ച് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ ആർ.ഡി.ഒക്ക് അടക്കം പരാതി നൽകി.
ആറുമാസത്തോളമായി രാത്രികാലങ്ങളിൽ പുലരുവോളം വലിയ രീതിയിൽ മണ്ണ് കടത്തി മാറ്റി ഭൂമിയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തകർക്കുന്നതായാണ് സംഘടനയുടെ പരാതി. വീടിനോട് ചേർന്നുള്ള മൺതിട്ട മാറ്റുന്നതിന് പെർമിറ്റ് എടുത്തതിന്റെ മറവിലാണ് മാസങ്ങളായുള്ള മണ്ണ് കൊള്ള നടക്കുന്നത്.
കൂടാതെ പാറ പൊട്ടിക്കലും നടത്തുന്നുണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന എല്ലു പൊടി- കമ്പനി റോഡ് നശിപ്പിച്ചുകഴിഞ്ഞെന്നും മണ്ണെടുപ്പിനെതിരെ പരാതി നൽകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ബയോഡൈവേഴ്സിറ്റി ബോർഡ് അടക്കം നിരവധി സർക്കാർ സംവിധാനങ്ങൾക്കും പരാതി നൽകിയിട്ടുണ്ടെന്നും അടിയന്തരമായി ഇടപെട്ട് ഗുരുതരമായ ദുരന്തങ്ങൾക്ക് കാരണമാകുന്ന മലയിടിക്കൽ നിരോധിച്ചുള്ള ഉത്തരവ് ഉടൻ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.