മൂവാറ്റുപുഴ: ടൗണിലെ ലതാപാലത്തിനു സമീപം നിർമിക്കുന്ന തൂക്കുപാലത്തിന്റെ അന്തിമ ഡി.പി.ആർ തയാറായി. കേന്ദ്ര സര്‍ക്കാറിന്റെ അമൃതം പദ്ധതിയിലുള്‍പ്പെടുത്തി നഗരസഭക്ക് ഒന്നാം ഘട്ടമായി അനുവദിച്ച അഞ്ചുകോടി രൂപ ചെലവഴിച്ച് തൊടുപുഴയാറിന് കുറുകെ തൂക്കുപാലവും കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിര്‍മിക്കുന്ന പ്രവർത്തനങ്ങളാണ് ദ്രുതഗതിയിൽ മുന്നേറുന്നത്. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമ ഡി.പി.ആര് സംബന്ധിച്ച് തീരുമാനമെടുത്തു. ലഭിച്ച അഞ്ചുകോടി രൂപ ഉപയോഗിച്ച് നഗരസഭ ഡ്രീംലാൻഡ് പാര്‍ക്കില്‍നിന്ന് തൊടുപുഴ ആറിന് കുറുകെ പേട്ടയിലേക്ക് തൂക്കുപാലവും പേട്ട മുതല്‍ കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിര്‍മിക്കും. രണ്ടാം ഘട്ടമായി ലഭിക്കുന്ന എട്ടുകോടി രൂപ ഉപയോഗിച്ച് വാച്ച് ടവര്‍, മ്യൂസിയം, കഫ്തീരിയ, ജെട്ടി, ജലയാത്രക്കുള്ള സോളാര്‍ ബോട്ട് തുടങ്ങിയവ ഒരുക്കും. മണ്ണ് പരിശോധന പൂര്‍ത്തിയാക്കി ഡി.പി.ആറാകുന്നതോടെ നിര്‍മാണം ആരംഭിക്കും. എറണാകുളം ഡി.ടി.പി.സിക്കാണ് നിര്‍മാണ മേല്‍നോട്ടം.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും ടൂറിസം വികസന വകുപ്പിന്റെയും സഹായത്തോടെ വിപുലമായ വിനോദ സഞ്ചാര വികസനത്തിനാണ് ലക്ഷ്യമിടുന്നത്. മൂവാറ്റുപുഴ ഇതോടെ വിനോദസഞ്ചാരികളുടെ ഇടത്താവളമാകും. നഗര ഹൃദയഭാഗത്താണ് ഡ്രീംലാൻഡ് പാർക്ക്. നാലരയേക്കര്‍ വരുന്ന പാര്‍ക്കിന്റെ ഭൂരിഭാഗം പ്രദേശവും പ്രകൃതിദത്തമാണ്. പാറക്കെട്ടുകളും ഇല്ലിക്കാടും കുന്നുകളും മറ്റും അതുപോലെ നിലനിർത്തിയാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. പാര്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെ 50 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.