കൊച്ചി: നിരത്തുകളിൽ ഭീതിവിതച്ച് തെരുവുനായ്ക്കളുടെ വിളയാട്ടം. നിയന്ത്രണവും പ്രതിരോധ നടപടികളും കടലാസിലൊതുങ്ങുന്നു. കാൽനടക്കാർക്കും ഇരുചക്ര വാഹന യാത്രികർക്കുമടക്കം ഇവ ഭീഷണി സൃഷ്ടിക്കുകയാണ്. ആക്രമണമുണ്ടാകുമ്പോൾ മാത്രം ഉണരുകയും പ്രസ്താവനകളിറക്കുകയും ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങൾ ജനങ്ങളുടെ പ്രതിഷേധങ്ങൾ തണുക്കുമ്പോൾ വീണ്ടും ഉറക്കത്തിലാകുകയാണെന്നാണ് പരാതിയുയരുന്നത്. അധികൃതരുടെ നിസ്സംഗതക്കെതിരെ പ്രതിഷേധവും ശക്തമായി.
പ്രധാന കേന്ദ്രങ്ങളിൽ തമ്പടിച്ച് നായ്ക്കൾ
നഗരത്തിലെ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളും ജില്ലയിലെ എല്ലാ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാൻഡുകളും നായ്ക്കളുടെ താവളമായിട്ട് നാളുകളായി. പ്രധാനപ്പെട്ട എല്ലാ പാലങ്ങളുടെയും അടിഭാഗങ്ങളും വിഹാരകേന്ദ്രങ്ങളാണ്. റോഡരികിൽ കൂട്ടത്തോടെ തമ്പടിക്കുന്ന ഇവ ഇരുചക്രവാഹന യാത്രികർക്കും കാൽനടക്കാർക്കുമാണ് പ്രധാന വെല്ലുവിളി. രാത്രിയിൽ ഇരുചക്രവാഹനങ്ങളുടെ പിന്നാലെ കുരച്ച് പാഞ്ഞടുക്കുന്ന നായ്ക്കൾ കുറുകെ ചാടുന്നതും പതിവാണ്.
ഇതുമൂലം അപകടങ്ങളും സംഭവിക്കുന്നുണ്ട്. എറണാകുളം നഗരത്തിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരം, അംബേദ്കർ സ്റ്റേഡിയം, റെയിൽവേ സ്റ്റഷനുകൾ, കടവന്ത്ര, വൈറ്റില, ഹിൽപാലസ്, കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ തിരുവാങ്കുളം മുതൽ വരിക്കോലി വരെയും കാക്കനാട്-ഇൻഫോപാർക്ക് റോഡ്, ബ്രഹ്മപുരം, ആലുവ, ചൂർണിക്കര, കളമശ്ശേരി, മൂവാറ്റുപുഴ നഗരത്തിലെ വിവിധ പ്രദേശങ്ങൾ തുടങ്ങി ജില്ലയുടെ എല്ലാ ഭാഗങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. ഇതോടൊപ്പം കോഴികളടക്കമുള്ള വളർത്തുമൃഗങ്ങൾക്ക് നേരെയുള്ള ആക്രണങ്ങളും പതിവായി.
രണ്ടാഴ്ചക്കിടെ ജില്ലയിൽ കടിയേറ്റത് നാൽപതോളം പേർക്ക്
രണ്ടാഴ്ചക്കിടെ ജില്ലയിൽ നായുടെ കടിയേറ്റത് നാൽപതോളം പേർക്കാണ്. മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം ഒരേ നായ്തന്നെ കടിച്ചത് എട്ട് പേരെയാണ്. ആഴ്ചകൾക്ക് മുമ്പ് ആലുവയിൽ കൂട്ടത്തോടെ ആളുകളെ കടിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചിരുന്നു. കാക്കനാട്, കളമശ്ശേരി, അങ്കമാലി, പിറവം, പറവൂർ മേഖകളിൽനിന്നെല്ലാം തെരുവുനായ് ആക്രമണവുമായി ബന്ധപ്പെട്ട കേസുകൾ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നായ്ക്കളെ വന്ധ്യംകരണം നടത്താൻ നടപടിയില്ല
നായ് ശല്യം രൂക്ഷമാകുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണവും ഫലംകാണുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. ജില്ല പഞ്ചായത്തിന്റേതടക്കം നിലവിൽ മൂന്ന് എ.ബി.സി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളിലെത്തുന്ന കേസുകൾ മാത്രമാണ് ഇവർ നോക്കുന്നത്. അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടിച്ച് ഇവിടെ എത്തിക്കാനോ വന്ധ്യംകരണം നടത്താനോ തദ്ദേശ സ്ഥാപനങ്ങളടക്കം കാര്യമായ ഇടപെടലുകൾ നടത്തുന്നില്ല. നായ്ക്കൾ തമ്പടിക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിലും വീഴ്ച സംഭവിക്കുകയാണ്.