പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി പെരുമ്പാവൂര്‍ ഡിപ്പോ കെട്ടിടം സാമൂഹികവിരുദ്ധരുടെയും മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെയും ലൈംഗിക തൊഴിലാളികളുടെയും താവളമായി മാറുന്നുവെന്ന് ആക്ഷേപം. മാസങ്ങളായി ഇത്തരം സംഘങ്ങള്‍ സ്റ്റാന്‍ഡില്‍ തമ്പടിച്ചിരിക്കുകയാണ്. യാത്രക്കാരുടെ വിശ്രമ മുറിയും പൊളിക്കാനിട്ടിരിക്കുന്ന ബസുകളും അടഞ്ഞുകിടക്കുന്ന കാന്റീന് കെട്ടിടവും ഒഴിഞ്ഞ മൂലകളും ഇവരുടെ കേന്ദ്രങ്ങളാണ്. പകല്‍സമയത്ത് സെക്യൂരിറ്റി ജീവനക്കാരന് ഇല്ലാത്തതാണ് ഇവരുടെ അഴിഞ്ഞാട്ടത്തിന് കാരണം. വിശ്രമമുറിയിലെ കസേരകള്‍ ഒരു സ്ത്രീയുൾപ്പെടെ നാല് അന്തര്‍ സംസ്ഥാനക്കാര്‍ കൈയടക്കിയ സ്ഥിതിയിലാണ്.
സ്ത്രീ ലൈംഗിക തൊഴിലാളിയും പുരുഷന്മാര് ഏജന്റുമാരുമാണെന്ന് ഇവിടത്തെ കച്ചവടക്കാര്‍ പറയുന്നു. രാത്രിയിലാണ് ഇവരുടെ വിളയാട്ടം. ഇരുട്ടായാല്‍ കാൻറീൻ കെട്ടിടത്തിലും നിര്‍ത്തിയിട്ടിരിക്കുന്ന ബസുകളിലുമാണ് ഇവരുടെ വാസം. പകല്‍സമയത്ത് സമീപ ലോഡ്ജുകളിലേക്ക് പോകും. തിരിച്ചുവരുമ്പോള്‍ വിശ്രമമുറിയില്‍ തങ്ങും. പലപ്പോഴും ഡിപ്പോ അധികാരി പൊലീസിനെ വിവരം അറിയിക്കാറുണ്ട്.
ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുന്ന പൊലീസ്, സെക്യൂരിറ്റിയെ നിയമിച്ച് ഇവരെ പുറത്തുകടത്താന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. മയക്കുമരുന്നിന് അടിമകളായ ഇവര്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജീവനക്കാര്‍ ഉൾപ്പെടെയുള്ളവര്‍ ഭയപ്പാടിലാണ്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും നഗരത്തിലെ പല ഭാഗങ്ങളിലും പൊലീസ് പരിശോധന വ്യാപകമാക്കിയതോടെ മയക്കുമരുന്ന് കച്ചവടക്കാരും സാമൂഹികവിരുദ്ധരും കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിലേക്ക് ചേക്കേറി. ചിലര്‍ പകല്‍സമയങ്ങളില്‍ സ്റ്റാന്‍ഡിന്റെ കിഴക്കു ഭാഗത്തെ വരാന്തയില്‍ കിടന്നുറങ്ങി രാത്രിയില്‍ സജീവമാകുകയാണ് പതിവ്. പലഭാഗങ്ങളിലും ആവശ്യത്തിന് വെളിച്ചമില്ലാത്തത് ഇവര്‍ക്ക് അനുകൂലമാണ്. പഴകി പൊളിക്കാനിട്ടിരിക്കുന്ന ബസുകളുടെ പ്രധാന ഭാഗങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിക്കവേ പിടികൂടിയ സംഭവങ്ങളുണ്ട്.
കൊടും ക്രിമിനലുകള്‍വരെ ഇവിടെ തങ്ങുന്നുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. മിക്കപ്പോഴും പരസ്പരം ഏറ്റുമുട്ടലുകളുണ്ട്. നിയന്ത്രിച്ചില്ലെങ്കില്‍ കൊലപാതകത്തിലേക്ക് വരെ എത്താവുന്ന സ്ഥിതിയാണ്. എന്നാല്‍, ഗൗരവകരമായ ഇത്തരം സംഭവങ്ങളുണ്ടായിട്ടും ബന്ധപ്പെട്ട ഉന്നത അധികാരികള്‍ ഇടപെടുന്നില്ലെന്ന ആക്ഷേപമുയരുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരന്, ഇന്‍സ്പെക്ടര്‍, ഷണ്ടിങ് ഡ്രൈവര്‍ എന്നിവര്‍ ഇല്ലാതായിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. സെക്യൂരിറ്റിയുടെയും ഇസ്പെക്ടറുടെയും ഒഴിവുകള്‍ നികത്തുകയും വെളിച്ചവും സുരക്ഷ സംവിധാനങ്ങളും ഒരുക്കുകയും ചെയ്താല്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം കുറക്കാനാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.