തൃപ്പൂണിത്തുറ: തുടർച്ചയായി കുടിവെള്ളം ലഭിക്കാതായതോടെ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ മെംബർമാരും സ്വതന്ത്ര അംഗം എം.കെ. അനിൽകുമാറും ചേർന്ന് എറണാകുളം വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ഓഫിസിനു മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹ സമരം ആരംഭിച്ചു. കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണണമെന്നും പഞ്ചായത്ത് അധികൃതരും എം.എൽ.എമാരും ചേർന്ന് ചർച്ച നടത്തി 35 ലക്ഷം ലിറ്റർ കുടിവെള്ളം ലഭ്യമാക്കുമെന്ന തീരുമാനം നടപ്പാക്കണമെന്നും കുടിവെള്ള വിതരണ ദിവസം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മറ്റ് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം തിരിച്ചുവിടുന്ന നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
ഉദയംപേരൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കാതായിട്ട് ഒന്നര മാസം കഴിഞ്ഞെന്ന് മെംബർ നിമിൽ രാജ് പറഞ്ഞു. എന്തെങ്കിലും ഉറപ്പിൻമേൽ സമരം അവസാനിപ്പിക്കുന്ന രീതിയിലല്ല സമരമെന്നും വെള്ളം കിട്ടുന്നതുവരെ സമരം ചെയ്യുമെന്ന് മെംബർ ഷൈമോൻ പറഞ്ഞു.
നിരവധി തവണ ചർച്ച നടത്തിയെങ്കിലും പഞ്ചായത്ത് മെംബർമാരെയും എം.എൽ.എമാരെയും അവഹേളിക്കുന്ന രീതിയിലാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്നും ജനം കുടിവെള്ള ക്ഷാമത്തിൽ നെട്ടോട്ടമോടുകയാണെന്നും ഇത് ഒരു സൂചനയാണെന്നും മെംബർ എം.കെ. അനിൽകുമാർ പറഞ്ഞു. ഉദയംപേരൂർ പഞ്ചായത്തിലെ ഏഴ് മെംബർമാരാണ് സമരം നടത്തുന്നത്. മെംബർമാരായ സ്മിത രാജേഷ്, എം.ബി. ഷൈമോൻ, എം.കെ. അനിൽകുമാർ, ടി.എൻ. നിമിൽ രാജ്, നിഷ ബാബു, ആനി അഗസ്റ്റിൻ, ബിനു ജോഷി എന്നിവർ പങ്കെടുത്തു.