ആലുവ: നിയോജക മണ്ഡലത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് 60 പുതിയ ട്രാൻസ്ഫോർമറും രാത്രി ഷിഫ്റ്റിൽ കൂടുതൽ ലൈൻമാൻമാരെയും അനുവദിക്കണമെന്ന് ജനപ്രതിനിധി-ഉദ്യോഗസ്ഥ യോഗം ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റുമാർ തങ്ങളുടെ പഞ്ചായത്തുകളിൽ കെ.എസ്.ഇ.ബിയുടെ സേവനങ്ങൾ വേണ്ടുന്ന പ്രദേശങ്ങളുടെ വിവരണങ്ങൾ നൽകി. വോൾട്ടേജ് ക്ഷാമം അനുഭവപ്പെടുന്നതും സ്ഥിരമായി വൈദ്യുതി തടസ്സപ്പെട്ടുന്നതുമായ പ്രദേശങ്ങളെക്കുറിച്ചും വിശദീകരണം നൽകി. വോൾട്ടേജ് ക്ഷാമമുള്ള പ്രദേശങ്ങളിൽ കൂടുതൽ ശേഷിയുള്ള ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ട്രാൻസ്ഫോമർ വരുന്ന മുറക്ക് സ്ഥാപിക്കാമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി.
രണ്ട് ലൈൻമാരെവെച്ച് രാത്രി ഷിഫ്റ്റിൽ പരാതികൾ തീർക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ രാത്രി ഷിഫ്റ്റിൽ രണ്ടുപേരെക്കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. പഞ്ചായത്തുകളിലെ വോൾട്ടേജ് ക്ഷാമമുള്ള വിവിധ പ്രദേശങ്ങളിൽ കൂടുതൽ ശേഷിയുള്ള 160 കെ.വിയുടെ 60 ട്രാൻസ്ഫോർമർ ആവശ്യമാണെന്ന് യോഗത്തിൽ റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇതിനായുള്ള ഇടപെടൽ നടത്തും. ഓവർഹെഡ് ലൈനുകൾ മാറ്റി, അണ്ടർ ഗ്രൗണ്ട് കേബിളുകൾ സ്ഥാപിച്ച് കെ.എസ്.ഇ.ബിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം. ഷംസുദ്ദീൻ, എ.വി. സുനിൽ, ജയ മുരളീധരൻ, സതി ലാലു, വൈസ് പ്രസിഡന്റുമാരായ ബാബു പുത്തനങ്ങാടി, സിമി ടിജോ, ശോഭ ഭരതൻ, മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷൻ ലത്തീഫ് പൂഴിത്തറ, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.കെ. രാജൻ, എക്സി. എൻജിനീയർമാരായ എം.എ. ബിജു മോൻ, കെന്നി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
ഉപഭോഗം ക്രമീകരിച്ച് പ്രതിസന്ധി പരിഹരിക്കണം
ആലുവ: ചൂട് കൂടിയത് കാരണം വൈദ്യുതി ഉപയോഗത്തിൽ വന്ന വർധനമൂലം ലോഡ് കൂടി സബ് സ്റ്റേഷനുകളിൽ ഉപകരണങ്ങൾ ട്രിപ് ആകുന്നത് കൊണ്ടാണ് വൈദ്യുതി തടസ്സപ്പെടുന്നത്. അതുകൊണ്ട് വൈദ്യുതി ഉപയോഗം ശരിയായി ക്രമീകരിച്ചാൽ മാത്രമേ ഈ സാഹചര്യം ഒഴിവാക്കാൻ സാധിക്കൂ. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് പരമാവധി പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അനാവശ്യമായതും അലക്ഷ്യവുമായതുമായ വൈദ്യുതി ഉപയോഗം ഒഴിവാക്കി കെ.എസ്.ഇ.ബിയോട് സഹകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു.
മൂന്ന് സബ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കണം
ആലുവ: വൈദ്യുതി ഉപയോഗം കൂടിയതിനാൽ നിയോജക മണ്ഡലത്തിൽ പുതിയ മൂന്ന് സബ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കേണ്ടതുണ്ട്. ശ്രീമൂലനഗരം പഞ്ചായത്ത് 16 ാം വാർഡ് ചൊവ്വര കടത്തുകടവിലും നെടുമ്പാശ്ശേരി പഞ്ചായത്ത് 17 ാം വാർഡിലെ അത്താണി കാംകോക്ക് അടുത്തും ആലുവ മുനിസിപ്പാലിറ്റിയിലെ പറവൂർ കവലയിലുമാണ് പുതുതായി സബ് സ്റ്റേഷനുകൾ നിർമിക്കണമെന്ന് നിലവിൽ ബോർഡിലേക്ക് പ്രൊപ്പോസൽ നൽകിയിട്ടുള്ളത്. സർക്കാറിലും ബോർഡിലും സമ്മർദം ചെലുത്തി ഈ സബ് സ്റ്റേഷനുകൾ എത്രയും വേഗം യാഥാർഥ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങൾ എം.എൽ.എ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ അറിയിച്ചു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞതായി എം.എൽ.എ അറിയിച്ചു.