വൈപ്പിൻ: കാൻസർ രോഗിയായ വയോധികയെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ ആറാട്ടുവഴി മണപ്പുറത്ത് ആനന്ദൻ (49) ആണ് അറസ്റ്റിലായത്. 67 കാരിയായ വയോധികയുടെ രോഗിയായ ഭർത്താവിനെ തെറ്റിദ്ധരിപ്പിച്ചാണ് സാമ്പത്തിക സഹായം സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് പ്രതി അടുത്തുകൂടിയത്. തുടർന്ന് ഏപ്രിൽ മൂന്നിന് വൈകീട്ട് പ്രതി ഇവരുടെ വീട്ടിലെത്തി ചെക്ക് റെഡിയായിട്ടുണ്ടെന്നും ഒപ്പിട്ട് വാങ്ങാൻ കൂടെ ചെല്ലണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഒപ്പിടാനെന്ന വ്യാജേന രാത്രി ഏഴരക്ക് പ്രതി തന്റെ സ്കൂട്ടറിൽ വയോധികയേയും കൊണ്ട് ചെറായി, കുഴുപ്പിള്ളി ബീച്ചുകളിലെത്തിച്ചു. സംശയം തോന്നിയ ഇവർ തനിക്ക് സഹായം വേണ്ടെന്നും പറഞ്ഞു സ്കൂട്ടറിൽ നിന്നിറങ്ങിയതോടെ പ്രതി പിന്നാലെയെത്തി പീഡന ശ്രമത്തിന് മുതിരുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ ശേഷം പൊലീസിൽ പരാതി നൽകി.
മുനമ്പം ഡി.വൈ.എസ്.പി എൻ.എസ് സലീഷിന്റെ നിർദേശ പ്രകാരം ഞാറക്കൽ പൊലീസ് കേസ് എടുക്കുകയും സി.ഐ സുനിൽ തോമസിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാന രീതിയിലുള്ള മൂന്ന് കേസുകൾ പ്രതിക്കെതിരെ കോടതിയിൽ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ അഖിൽ വിജയകുമാർ, കെ.കെ. ദേവരാജൻ, എ.എസ്.ഐ സി.എ. ഷാഹിർ, പോലീസുകാരായ സ്വപ്ന, ടി.ബി. ഷിബിൻ, കെ.ജി. പ്രീജൻ, ബോൺസലെ, വിനീഷ്, രേഷ്മ എന്നിവരും ഉണ്ടായിരുന്നു.