കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പടിപ്പാറയിൽ തുടർച്ചയായ രണ്ടാം ദിവസവും ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ആയിരക്കണക്കിന് പൈനാപ്പിൾ നശിപ്പിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാത്രി നൂറോളം വാഴകളാണ് നശിപ്പിച്ചത്.
റോഡിരികിലെ പറമ്പിൽ കയറിയ ആനക്കൂട്ടം ഞാലിപ്പൂവൻ വാഴകൾ തിന്നും ചവിട്ടിമെതിച്ചും നശിപ്പിക്കുകയായിരുന്നു. തെങ്ങ്, കമുക് തൈകൾക്കും നാശമുണ്ടാക്കി. പറമ്പുടമസ്ഥർ സ്ഥലത്തുള്ളവരല്ല. കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വനംവകുപ്പ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.