ആലുവ: ടൗണിൽ ജനങ്ങളെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷ ബാധയില്ലെന്ന് പ്രാഥമിക നിഗമനം. എന്നാൽ, നായ്ക്ക് കാര്യമായ മറ്റെന്തോ അസ്വസ്ഥതകളുള്ളതായാണ് പരിശോധിച്ച ആലുവ വെറ്റിനറി സർജൻ പ്രിയ, നായയെ സംരക്ഷിക്കുന്ന നഗരസഭ ആരോഗ്യ വിഭാഗത്തെ അറിയിച്ചത്. ആഹാരം കഴിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട്. രണ്ട് ദിവസം നിരീക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി പരിസരത്താണ് 15 ഓളം പേരെ തെരുവുനായ് കടിച്ചത്. ഇതിൽ രണ്ട് പേരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് തെരുവിൽ ഒരു സ്ത്രീ ഭക്ഷണം കൊടുത്ത് വളർത്തുന്ന നായയാണ് കടിച്ചതെന്ന് ഓട്ടോ തൊഴിലാളികൾ പറയുന്നു. പിന്നീട് നഗരസഭ ജീവനക്കാരെത്തിയാണ് പിടികൂടി കൂട്ടിലടച്ചത്.