കൊച്ചി: ഇബ്രാഹിം കുഞ്ഞ്, അഹമ്മദ് കബീർ വിഭാഗങ്ങൾ തമ്മിൽ പോര് തുടരുന്ന എറണാകുളം ജില്ല മുസ്‍ലിം ലീഗിൽ പുതിയ വിവാദമായി നേതാക്കളുടെ സസ്പെൻഷൻ. അഹമ്മദ് കബീർ വിഭാഗം നേതാക്കളായ മുസ്‍ലിം ലീഗ് കളമശ്ശേരി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.എം.എ. ലത്തീഫ്, കുവൈത്ത് കെ.എം.സി.സി ഭാരവാഹി കെ.എസ്. തൽഹത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിനാണ് നടപടി. ഇന്ന് ചന്ദ്രിക ദിനപത്രത്തിലാണ് സസ്പെൻഷൻ അറിയിപ്പ് പ്രസിദ്ധീകരിച്ചത്.
നേരത്തെ ജില്ലാ കമ്മിറ്റി പുനഃസംഘടനയിൽ പ്രതിഷേധിച്ച് അഹമ്മദ് കബീർ വിഭാഗം ഔദ്യോഗിക നേതൃത്വത്തോട് നിസ്സഹകരിച്ചതോടെ സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. ജില്ലാ നേതൃത്വത്തിൽനിന്നുള്ള നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി അഹമ്മദ് കബീർ വിഭാഗക്കാരായ നാല് നിയോജകമണ്ഡലം പ്രസിഡന്റുമാരെയും സെക്രട്ടറിമാരെയും സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു. എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റുമാരെയാണ് സ്ഥാനത്തുനിന്ന് നീക്കിയത്. പകരം പുതിയവരെ പ്രഖ്യാപിച്ചിരുന്നു.
ജില്ലാ നേതൃത്വം നിർദേശിച്ചിട്ടും മണ്ഡലം കമ്മിറ്റികൾ വിളിക്കാത്തതാണ് ഇവർക്കെതിരേയുള്ള കുറ്റം. തുടർന്ന് ജില്ലാ നേതൃത്വം നേരിട്ട് മണ്ഡലം യോഗങ്ങൾ വിളിച്ചെങ്കിലും ഇവർ വിട്ടുനിന്നു. പിന്നാലെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഭാരവാഹികളെ നീക്കിയത്.
മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പിൽ ഉടലെടുത്ത തർക്കമാണ് ലീഗിൽ വിഭാഗീയത രൂക്ഷമാക്കിയത്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലൂടെ നേടിയെടുക്കാമെന്നായിരുന്നു അഹമ്മദ് കബീർ വിഭാഗത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, കൈയാങ്കളിയെ തുടർന്ന് തെരഞ്ഞെടുപ്പ് ഒഴിവാക്കി. പകരം, സംസ്ഥാന നേതൃത്വം ഇടപെട്ട് അഹമ്മദ് കബീർ വിഭാഗത്തിലെ ഹംസ പാറക്കാട്ടിനെ ജില്ലാ പ്രസിഡന്റായും ഇബ്രാഹിംകുഞ്ഞ് വിഭാഗത്തിലെ വി.ഇ. അബ്ദുൽ ഗഫൂറിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സെക്രട്ടറി സ്ഥാനം കൂടി ആഗ്രഹിച്ചിരുന്ന അഹമ്മദ് കബീർ വിഭാഗം ഇതംഗീകരിച്ചില്ല. പിന്നാലെ ഹംസ പാറക്കാട്ടിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. ഇതോടെ പ്രതിസന്ധി കനത്തു. ഇതിനുപിന്നാലെയാണ് പാർട്ടിയുടെ ൈ‘ബർ പോരാളി കൂടിയായ അഹമ്മദ് കബീർ വിഭാഗത്തിലെ പി.എം.എ. ലത്തീഫിനും കെ.എസ്. തൽഹത്തിനുമെതിരെ സസ്പെൻഷൻ പ്രഖ്യാപിച്ചത്.