അങ്കമാലി: ‘ജൽജീവൻ’ പദ്ധതിക്കായി കുത്തിപ്പൊളിച്ച നെടുമ്പാശ്ശേരി പഞ്ചായത്തിലെ ആവണംകോട് കുഴുപ്പളം മൂത്തമന റോഡിലെ കുഴികളും വെള്ളക്കെട്ടും ജനജീവിതം ദുരിതത്തിലാക്കി. നിത്യവും നൂറ് കണക്കിന് വാഹനങ്ങളും കാൽനടക്കാരും ആശ്രയിക്കുന്ന വളവും തിരിവുമുള്ള ഇടുങ്ങിയ റോഡിൽ ഒരു വർഷം മുമ്പാണ് ജൽ ജീവൻ പദ്ധതി നിർമാണം ആരംഭിച്ചത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പൈപ്പുകൾ സ്ഥാപിക്കാൻ അലക്ഷ്യമായാണ് കുഴികളുണ്ടാക്കിയത്.
പൈപ്പുകൾ സ്ഥാപിച്ച ശേഷം കുഴികൾ ശാസ്ത്രീയമായി മൂടാതെ വന്നതോടെ തുടങ്ങിയ ദുരിതം ഇന്നും അനുഭവിക്കുകയാണ് പ്രദേശവാസികൾ. റോഡിൽ മെറ്റലുകൾ ചിതറി കിടക്കുകയാണ്. ബൈക്ക്, സൈക്കിൾ, കാൽനടയാത്രികർ അടക്കം അപകടത്തിൽപ്പെട്ടിട്ടുണ്ട്. വേനൽക്കാലത്ത് പൊടിശല്യം അതിരൂക്ഷമായിരുന്നു. വാഹനങ്ങളുടെ ടയർ കയറി മെറ്റൽ തെറിച്ചും അപകടങ്ങളുണ്ടായിട്ടുണ്ട്. കാലവർഷം ശക്തി പ്രാപിച്ചതോടെ റോഡിലുടനീളം വെള്ളക്കെട്ടാണ്. സമീപത്തെ അനുബന്ധ റോഡുകളും ജൽ ജീവൻ പദ്ധതി സൃഷ്ടിച്ച വെള്ളക്കെട്ട് ഭീഷണിയിലാണ്.
പദ്ധതി പൂർത്തീകരിക്കുന്നത് സംബന്ധിച്ചോ കുഴികൾ രൂപം കൊണ്ട റോഡുകളിൽ അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ചോ ബന്ധപ്പെട്ട അധികാരികൾ മിണ്ടുന്നില്ല.പദ്ധതി പൂർത്തീകരിക്കാത്തതിലും പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചതിലും റോഡിൽ അടിയന്തിരമായ അറ്റകുറ്റപണി നടത്താത്തതിലും പ്രതിഷേധിച്ച് നെടുമ്പാശ്ശേരി 11ാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവണംകോട് കുഴുപ്പളം മൂത്തമന റോഡിൽ ഉപരോധം സംഘടിപ്പിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു.കെ. മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. വാർഡ് വൈസ് പ്രസിഡന്റ് പി.വി. റെജി അധ്യക്ഷത വഹിച്ചു.