മൂവാറ്റുപുഴ: നഗരറോഡുകളിലെ കുഴികൾക്ക് പുറമെ ക്രിസ്മസ്, പുതുവത്സര തിരക്കും ഏറിയതോടെ യാത്രക്കാരെ ദുരിതത്തിലാക്കി നഗരത്തിൽ ഗതാഗതക്കുരുക്ക്. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂടിയായതോടെ നഗരത്തിലെ രണ്ട് കിലോമീറ്റർ ദൂരം കടക്കാൻ രണ്ടു മണിക്കൂറെടുക്കുന്ന സ്ഥിതിയാണ്.
തിങ്കളാഴ്ചത്തെ ഗതാഗതക്കുരുക്കിൽ നൂറ് കണക്കിനാളുകളാണ് റോഡിൽ കുടുങ്ങിയത്. മൂന്നു സംസ്ഥാനപാതകളും ദേശീയപാതയും കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് മൂലം വലയുകയാണ് യാത്രക്കാരും നാട്ടുകാരും. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയിട്ടും തുടരുകയായിരുന്നു.
അവധിയായതിനാൽ സ്വകാര്യ വാഹനങ്ങൾ ഏറെ നിരത്തിലിറങ്ങിയതും കുരുക്കിന് കാരണമായി. രാവിലെ മുതൽ തന്നെ നഗരത്തിലെ എല്ലാ റോഡുകളും വാഹനങ്ങളെ കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. എറണാകുളം റോഡിൽ അമ്പലംപടി വരെയും എം.സി റോഡിൽ പായിപ്ര കവല വരെയും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഉപറോഡുകളും വാഹനങ്ങൾ കൈയടക്കിയതോടെ ഗതാഗതം താറുമാറായി. ഇതിനുപുറമെ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങും സ്ഥിതി രൂക്ഷമാക്കി. ഗതാഗതക്കുരുക്കിൽ ഗതാഗതം ആകെ താറുമാറായത് പൊലീസിനെയും വലച്ചു.�
+ There are no comments
Add yours