വൈപ്പിൻ: യുവാവ് മർദനമേറ്റ് മരിച്ച സംഭവത്തിൽ നാലംഗ സംഘം അറസ്റ്റിൽ. ഞാറക്കൽ വാലക്കടവ് കളത്തിപ്പറമ്പിൻ പ്രേമന്റെ മകൻ ആൻസന്റെ (21) മരണത്തിന് ഉത്തരവാദികളായ ഞാറക്കൽ വാലക്കടവ് കളത്തിപ്പറമ്പ് കുഞ്ഞൻ എന്ന് വിളിക്കുന്ന ബാലമുരളികൃഷ്ണ (26), മാടാറക്കൽ ആകാശ് (20), കളത്തിപ്പറമ്പിൽ ഋഷിശങ്കർ (25), മാടത്തിങ്കൽ അതുൽ കൃഷ്ണ (32) എന്നിവരാണ് അറസ്റ്റിലായത്. കൊടിയ മർദനമേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ആൻസൻ മരിച്ചത്. ഈ മാസം 12നാണ് ആൻസന് മർദനമേറ്റത്.
ബാലമുരളി കൃഷ്ണയുടെ മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിനിടെ ആൻസൺ അവിടെ എത്തുകയും മുൻ വൈരാഗ്യം വെച്ച് ബാലമുരളികൃഷ്ണയെ നിലവിളക്ക് കൊണ്ട് തലക്കടിക്കുകയുമായിരുന്നു. പ്രകോപിതരായ ബാലമുരളി കൃഷ്ണ ഉൾപ്പെടെയുള്ള നാല് പ്രതികൾ ആൻസന് നേരെ പ്രത്യാക്രമണം നടത്തി.
അവശ നിലയിലായ ആൻസനെ പൊലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലാക്കിയത്. ഞാറക്കൽ സി.ഐ സുനിൽ തോമസിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
+ There are no comments
Add yours