കാക്കനാട്: ടൊവിനോ ചിത്രമായ എ.ആർ.എമ്മിന്റെ വ്യാജപതിപ്പിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ കൊച്ചി സൈബർ പൊലീസ് സംഘം ബംഗളൂരുവിൽ തമ്പടിച്ചത് ഒമ്പതു ദിവസം. പൊലീസ് സംഘം ബംഗളൂരുവിലെ ഗോപാലൻ മാളിലെ തിയറ്ററിൽ രജനികാന്തിന്റെ വേട്ടയ്യൻ സിനിമ ഷൂട്ട് ചെയ്തിറങ്ങിയ പ്രതികളെ വലയിലാക്കുകയായിരുന്നു.
പ്രദർശനദിവസം തന്നെ തിയറ്ററുകളിൽ എത്തി സിനിമ ഷൂട്ടു ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പോസ്റ്റ് ചെയ്ത് പണം സമ്പാദിക്കുന്ന രീതിയായിരുന്നു പ്രതികളുടേത്.
കോയമ്പത്തൂരിലെ തിയറ്ററിൽ പ്രതികൾ എ.ആർ.എം സിനിമയുടെ വ്യാജപതിപ്പ് ഷൂട്ടുചെയ്യുമ്പോൾ സിനിമ കാണാനുണ്ടായിരുന്നത് ആറുപേർ മാത്രമായിരുന്നു. തുടർന്ന് അന്വേഷണസംഘം സിനിമ കണ്ടവർ ടിക്കറ്റ് ബുക്ക് ചെയ്ത നമ്പർ കണ്ടെത്തിയാണ് പ്രതികളിലേക്കെത്തിയത്.
സിനിമകൾ റിലീസ് ദിവസം തന്നെ തിയറ്ററുകളിൽ എത്തി ഷൂട്ടുചെയ്യുന്ന പ്രതികൾ വ്യാജപതിപ്പുകൾ വഴി ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതിയായ ജെബ സ്റ്റീഫൻ രാജിനെയും കൊച്ചി സിറ്റി സൈബർ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
മലയാളം, കന്നട, തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ ചിത്രങ്ങളുടെ വ്യാജ പതിപ്പ് നിർമിച്ച് സോഷ്യൽ മീഡിയ ടെലഗ്രാം തമിഴ് റോക്കേഴ്സ് വെബ്സൈറ്റുകൾ വഴി പ്രചരിപ്പിച്ച് പണസമ്പാദനം നടത്തുകയാണ് പ്രതികളുടെ രീതി.