മൂവാറ്റുപുഴ: ടൗണിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്ന സംഭവത്തിൽ നടപടിയുമായി ജല അതോറിറ്റി. നെഹ്റു പാർക്കിലടക്കം വിവിധ സ്ഥലങ്ങളിലായി പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡിൽ ഒഴുകുന്നത്. ‘മാധ്യമം’ അടക്കം ഇത് വാർത്തയാക്കിയതിന് പിന്നാലെ മാത്യു കുഴൽനാടൻ എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതോടെയാണ് അടിയന്തര നടപടിയുമായി അധികൃതർ രംഗത്തുവന്നത്.
രണ്ടാഴ്ചയിലേറെയായി പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന നെഹ്റു പാർക്കിൽ പാലത്തിനു സമീപത്തെ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് തുടക്കമായി. ഇതിനിടെ കീച്ചേരിപ്പടിയിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി തീർത്ത് വെള്ളിയാഴ്ച രാവിലെ കുടിവെള്ള വിതരണം പുനരാരംഭിച്ചു. ഇവിടെ പൈപ്പ് പൊട്ടിയതിനെ തുടർന്ന് മൂന്ന് ദിവസമായി ഒരു മേഖലയിലാകെ കുടിവെള്ള വിതരണം മുടങ്ങിയിരുന്നു.
മൂവാറ്റുപുഴ ജല അതോറിറ്റി ഓഫിസിലെ പ്രധാന തസ്തികകളിൽ മാസങ്ങളായി ജീവനക്കാരില്ലാത്തതും കരാർ ജീവനക്കാർക്ക് പണം നൽകാത്തതുമാണ് അതോറിറ്റിയുടെ വർക്കുകൾ വൈകാൻ കാരണം. കരാറുകാർക്ക് പണം നൽകാത്തതിനാൽ ആരും അറ്റകുറ്റപ്പണി നടത്താൻ തയാറല്ല.
ഒരുവർഷമായി അറ്റകുറ്റപ്പണി നടത്തിയ കരാറുകാർക്ക് പണം നൽകുന്നില്ല. ഇതിന് പുറമെ മൂവാറ്റുപുഴ ഡിവിഷൻ ഓഫിസിൽ എക്സിക്യൂട്ടിവ് എൻജിനീയർ, അസി. എൻജിനീയർ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.