വൈപ്പിൻ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. നായരമ്പലം പുത്തൻവീട്ടിൽ കടവ് അനൂപിനെയാണ് (49) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞാറക്കലിൽ വാടകക്ക് താമസിക്കുന്ന മുളവുകാട് സ്വദേശിക്കാണ് പണം നഷ്ടമായത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടുപോകാനുള്ള ലൈസൻസ് ഉണ്ടെന്നും ജോബ് കൺസൽട്ടൻസിയുണ്ടെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ആസ്ട്രേലിയയിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് പലതവണകളായി ഗൂഗിൾ പേ വഴി 1,19,100 രൂപ തട്ടിയ കേസിലെ രണ്ടാം പ്രതിയാണ് പിടിയിലായത്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയിൽ
വൈപ്പിൻ: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീനയെയാണ് (31) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞാറക്കൽ സ്വദേശിയായ പരാതിക്കാരനിൽനിന്ന് 10,50,000 രൂപയും ചക്യാത്ത് സ്വദേശിനിയിൽനിന്ന് 8,00,000 രൂപയുമാണ് ഇവർ തട്ടിയത്. മേരി ഡീനക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ അഖിൽ വിജയകുമാർ, എസ്.സി.പി.ഒ ഉമേഷ്, സി.പി.ഒമാരായ വി.കെ. രെഗേഷ്, കെ.സി. ദിവ്യ, കെ.സി. ഐശ്വര്യ, കെ. വേണു എന്നിവരുമുണ്ടായിരുന്നു.