മരട്: കുണ്ടന്നൂർ-തേവര പാലം അറ്റകുറ്റപ്പണിക്കായി ഒരുമാസത്തേക്ക് അടച്ചിടും. ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ പാലം അടച്ചിടുകയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
പാലം തകർന്ന് തരിപ്പണമായിട്ട് വർഷങ്ങളായി. പല തവണ അറ്റകുറ്റപണി നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കരാർ എടുത്ത് കാലാവധി തീരുന്ന അവസാന ഘട്ടത്തിലാണ് അറ്റകുറ്റപണി ആരംഭിക്കുന്നത്. പാലത്തിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി സമരങ്ങളും അരങ്ങേറിയിട്ടുണ്ട്. ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്നത്.
വാഹനങ്ങൾ പോകേണ്ടത് ഇതുവഴി:
- പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വെണ്ടുരുത്തി പാലം വഴി എം.ജി റോഡിലൂടെ എസ്.എ റോഡിൽ പ്രവേശിച്ച് വൈറ്റില വഴി കുണ്ടന്നൂരിലേക്ക് പോകണം.
- പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ രാത്രി 9 മണി മുതൽ പുലർച്ചെ 6 മണി വരെ മാത്രം വെണ്ടുരുത്തി പാലം വഴി എം.ജി റോഡിൽ പ്രവേശിച്ച് കുണ്ടന്നൂരിലേക്ക് പോകണം.
- തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നും പശ്ചിമ കൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷനിലെത്തി എം.ജി റോഡ് വഴി പോകണം.
- ഇടക്കൊച്ചി ഭാഗത്തുനിന്നും കണ്ണങ്ങാട്ട് പാലം വഴി കണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി എൻ. എച്ച്. 966B യിൽ പ്രവേശിച്ച് ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് ബിഒടി ഈസ്റ്റ് ജംഗ്ഷൻ – വാത്തുരുത്തി ലെവൽ ക്രോസ്സ് – വിക്രാന്ത് ബ്രിഡ് ജ് (വെണ്ടുരുത്തിപ്പാലം) വഴി എം. ജി. റോഡിൽ പ്രവേശിച്ച് പള്ളിമുക്ക് ജംഗ്ഷനിലെത്തി എസ്.എ റോഡുവഴി വൈറ്റില, കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകണം.
- തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നും വില്ലിങ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ വൈറ്റില ജങ്ഷനിലെത്തി എസ്.എ റോഡ് വഴി പോകണം.
- തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നും വില്ലിങ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ രാത്രി 9 മുതൽ പുലർച്ചെ 6 വരെ മാത്രം വൈറ്റില ജങ്ഷനിലെത്തി എസ്.എ റോഡ്, എം.ജി റോഡ് വഴി വില്ലിങ്ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകണം.
- കുമ്പളം, മാടവന, പനങ്ങാട് ഭാഗത്തു നിന്നും കണ്ടന്നൂർ വഴി വില്ലിംഗ്‌ടൺ ഐലൻഡ്, പശ്ചിമകൊച്ചി ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ അരൂർ-ഇടക്കൊച്ചി പാലം വഴിയോ വൈറ്റില ജങ്ഷൻ വഴിയോ പോകണം.