ആലുവ: കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. ആലുവ ജലശുദ്ധീകരണ ശാലയിലേക്കുള്ള ഭൂഗർഭ വൈദ്യുതി കേബിളിലെ തകരാർ പരിഹരിച്ചതോടെയാണ് ജലവിതരണം പുനരാരംഭിക്കാനായത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ് തകരാർ പരിഹരിച്ചത്. ഭൂഗർഭ കേബിളിലെ തകരാർ മൂലമാണ് ജലവിതരണം നിലച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് പമ്പിങ് നിലച്ചത്. പമ്പിങ് നിലച്ച് ഒരു മണിക്കൂറിനുള്ളിൽതന്നെ കൊച്ചി കോർപറേഷൻ പരിധിയിലും ആലുവ, ഏലൂർ, കളമശ്ശേരി, തൃക്കാക്കര നഗരസഭകളിലും കുടിവെള്ളം മുടങ്ങി. കെ.എസ്.ഇ.ബി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആലുവ പൊലീസ് സ്റ്റേഷനും കെ.എസ്.ഇ.ബി പഴയ ക്വാര്ട്ടേഴ്സിനുമിടയിലാണ് തകരാറുണ്ടായതെന്ന് മനസ്സിലാക്കി. ഉടൻ പണികൾ ആരംഭിച്ചതിനാൽ പമ്പിങ് ചൊവ്വാഴ്ച രാത്രി വൈകി പുനരാരംഭിച്ചു.
പമ്പിങ് സ്റ്റേഷനിലേക്ക് കെ.എസ്.ഇ.ബി നൽകിയ സമാന്തര വൈദ്യുതിബന്ധം ഉപയോഗിച്ചാണ് 75 ശതമാനത്തോളം പമ്പിങ്ങും പുനരാരംഭിച്ചത്. ഭൂഗർഭ കേബിളിൽ തകരാറായ ഭാഗം കണ്ടെത്തിയതിനെത്തുടർന്ന് രാവിലെ ഒമ്പതോടെ അറ്റകുറ്റപ്പണി പൂർത്തിയായി.