കൊച്ചി: കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അവരുടെ അവകാശങ്ങളും ചർച്ച ചെയ്യാൻ വാർഡുതലത്തിൽ ബാലസദസ്സുകൾ സജ്ജം. കുട്ടികളില്‍ സംഘടനശേഷിയും നേതൃഗുണവും യുക്തിചിന്തയും പരിപോഷിപ്പിക്കാൻ കുടുംബശ്രീ നേതൃത്വത്തിലാണ് ബാലസദസ്സുകൾ റെഡിയാകുന്നത്.
കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിലെ എല്ലാ വാർഡിലും ബാലസദസ്സ് സംഘടിപ്പിക്കാൻ ഒരുക്കമായിട്ടുണ്ട്. ജില്ലയിൽ ആകെ 102 സി.ഡി.എസിലായി 2702 ബാലസഭയിൽനിന്നുള്ള കുട്ടികൾ പങ്കെടുക്കും. കുട്ടികളുടെ ഗ്രാമസഭ ഫലപ്രദമായി സംഘടിപ്പിക്കാനുള്ള അനുഭവവും അറിവും ലഭ്യമാക്കുകയും സാമൂഹിക പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുകയുമാണ് ലക്ഷ്യമിടുന്നത്. കുട്ടികളില്‍ നൈസർഗിക കഴിവുകൾ വളര്‍ത്തുകയും ബാലസദസ്സിന്റെ ലക്ഷ്യങ്ങളാണ്.
അഭിപ്രായ ശേഖരണത്തിന് ചോദ്യപ്പെട്ടി
അഞ്ച് മുതൽ 18 വയസ്സുവരെയുള്ള ബാലസഭ അംഗങ്ങളും അല്ലാത്തവരുമായ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ബാലസദസ്സ് സംഘടിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി സ്കൂളുകൾ കേന്ദ്രീകരിച്ച് ചോദ്യപ്പെട്ടികൾ സ്ഥാപിച്ചിരുന്നു. കുട്ടികൾ അഭിമുഖീകരിക്കുന്നതോ ചുറ്റുമുള്ളതുമായ പ്രശ്നങ്ങൾ സംബന്ധിച്ച് അവരുടെ അഭിപ്രായം ശേഖരിക്കുന്നതിനാണ് ചോദ്യപ്പെട്ടികൾ സ്ഥാപിച്ചത്. ജില്ലയിൽ വാർഡ് അടിസ്ഥാനത്തിൽ പഞ്ചായത്ത് സംഘാടക സമിതിയും കുടുംബശ്രീ എ.ഡി.എസുകൾ വഴിയും ചോദ്യപ്പെട്ടികൾ മുതൽ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഓരോ വിദ്യാലയങ്ങളിൽനിന്നും ലഭിക്കുന്ന മികച്ച ചോദ്യങ്ങളോ നിർദേശങ്ങളോ തെരഞ്ഞെടുത്ത് ബാലസദസ്സുകളിൽ അവതരിപ്പിക്കുകയും കുട്ടികളെ ആദരിക്കുകയും ചെയ്യും.