ആലുവ: നഗരമധ്യത്തില്‍ ഒത്തുചേരലുകള്‍ക്ക് പുതിയൊരു വേദിയരുക്കി നഗരസഭ. കെ.എസ്.ആര്.ടി.സി ബസ് സ്റ്റേഷന് സമീപമാണ് ഉമ്മന്‍ ചാണ്ടി സ്ക്വയര്‍ എന്ന പേരിൽ തുറന്ന വേദി തയാറാക്കിയിരിക്കുന്നത്. തുറന്ന വേദിയും 5500 ലേറെ ച.അടി വിസ്തീര്‍ണവുമുള്ള ഓപണ്‍ യാര്‍ഡും ഉള്‍പ്പെടെയുള്ള സ്ക്വയർ വ്യാഴാഴ്ച തുറക്കും.
നിര്‍മാണത്തിന് 15 ലക്ഷം രൂപയാണ് ചെലവ് വന്നത്. പൊതുസ്ഥലങ്ങളിലെ യോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ നഗരത്തില്‍ ഇതിനുള്ള വേദികള്‍ കുറഞ്ഞു. ഇതിന് ഒരു പരിധിവരെ പരിഹാരമാകും. ഈ സ്ഥലം രാപ്പകല്‍ വ്യത്യാസമില്ലാതെ സാമൂഹിക വിരുദ്ധര്‍ താവളമാക്കി മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് ജനങ്ങളുടെ സ്വൈരജീവിതം തടസ്സപ്പെട്ടതും ഈ ഭാഗത്തിന്റെ വികസനം മുന്‍നിര്‍ത്തിയുമാണ് സ്ക്വയര്‍ രൂപപ്പെടുത്തിയത്.
രാത്രി മതിയായ വെളിച്ചം ഉറപ്പുവരുത്തുന്ന ലൈറ്റിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് 4.30ന് ബെന്നി ബഹനാന് എം.പി നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിക്കും.