മൂവാറ്റുപുഴ: രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് മൂവാറ്റുപുഴയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മൂവാറ്റുപുഴയാറ്റിലേക്ക് വെള്ളമെത്തുന്ന തൊടുപുഴ, കാളിയാർ, കോതമംഗലം പുഴകളിൽ നീരൊഴുക്ക് ശക്തമായി. മഴ തുടർന്നാൽ ബുധനാഴ്ച രാവിലെയോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും. ശക്തമായ മഴയെത്തുടർന്ന് മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നുവിട്ടതോടെ മൂവാറ്റുപുഴയാറ്റിൽ വെള്ളം മുന്നറിയിപ്പ് ലെവലും കടന്നു. ചൊവ്വാഴ്ച ഉച്ചയോടെ നഗരത്തിലും സമീപ പ്രദേശങ്ങളിലും അധികൃതർ ജാഗ്രതാനിർദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മിനിസിവിൽ സ്റ്റേഷനിൽ കൺട്രോൾ റൂം ആരംഭിച്ചു. നഗരസഭയുടെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതോടെ തിങ്കളാഴ്ചതന്നെ ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം 50 സെ.മീ. വീതവും ഒരു ഷട്ടർ 10 സെ.മീറ്ററും ഉയർത്തി. ഇതേതുടർന്ന് ചൊവ്വാഴ്ച രാവിലെ ഏഴിന് തൊടുപുഴയാറിൽ ജലനിരപ്പ് അപകടനിരപ്പ് കഴിഞ്ഞ് 12 അടിയോളമായി ഉയർന്നു. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് 11.75 അടിയായി ജലനിരപ്പ് ഉയർന്നു. മൂവാറ്റുപുഴ നഗരവും സമീപ പ്രദേശങ്ങളും ഇതോടെ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ത്രിവേണി സംഗമത്തിലെ പുഴയോര നടപ്പാത അടക്കം വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിത്തുടങ്ങി. ഇതേതുടർന്ന് ലഭിച്ച മുന്നറിയിപ്പുകളെത്തുടർന്ന് ഉച്ചയോടെ ഡാമിലെ ഷട്ടറുകൾ 40 സെ.മീ. താഴ്ത്തി വെള്ളം തുറന്നുവിടുന്നതിന്റെ അളവു കുറച്ചു. എങ്കിലും മൂവാറ്റുപുഴയാറ്റിലെയും തൊടുപുഴയാറ്റിലെയും ജലനിരപ്പ് വലിയ തോതിൽ താഴ്ന്നില്ല. രാവിലെ പെയ്ത അതിശക്തമായ മഴക്കുശേഷം പ്രദേശത്ത് മഴ കുറഞ്ഞതോടെയാണ് ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞത്. പുഴ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇനിയും ശക്തമായ മഴ പെയ്താൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും.