പെരുമ്പാവൂര്‍: വേങ്ങൂര്‍ പഞ്ചായത്തില്‍ ആനകള്‍ കൂട്ടമായി ഇറങ്ങുന്നത് ആശങ്കക്കിടയാകുന്നു. കഴിഞ്ഞ ദിവസം കൊച്ചുപുരക്കല്കടവ് പ്രദേശത്ത് വലിയ ആനകളും കുട്ടിയാനകളും അടക്കം 12 എണ്ണം കൂട്ടമായെത്തി. വെള്ളിയാഴ്ച രാത്രിയെത്തിയ കാട്ടാനക്കൂട്ടം ആളുകള്‍ ഒച്ചവെച്ചതോടെ കാട്ടിലേക്ക് പോയെങ്കിലും ശനിയാഴ്ച പുലര്‍ച്ച ജനവാസമേഖലയിലേക്ക് എത്തുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് ബഹളംവെച്ച് പുഴ കടത്തിവിട്ടെങ്കിലും ഏതുനിമിഷവും ജനവാസമേഖലയിലേക്ക് ഇറങ്ങുമെന്നാണ് ഭീതി. കഴിഞ്ഞ മാസം അവസാന വാരം പാണംകുഴി, പാണിയേലി, കൊച്ചുപുരക്കല്കടവ് മേഖലകളില്‍ ആനക്കൂട്ടം എത്തിയിരുന്നു. വലുതും ചെറുതുമായ എട്ടോളം ആനകള്‍ അന്ന് വീടുകള്‍ക്ക് മുന്നിലൂടെ കൂട്ടത്തോടെ സഞ്ചരിക്കുകയാണുണ്ടായത്. പെരിയാര്‍ നീന്തിയെത്തിയ ആനകളില്‍ ചിലത് പ്രദേശത്തുതന്നെ തമ്പടിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ സംശയിച്ചിരുന്നു.
പകലും ആനകള്‍ ജനവാസമേഖലയിലൂടെ കടന്നുപോകുന്നത് ഭയപ്പാടിന് ഇടയാക്കിയിട്ടുണ്ട്. പുഴകടന്ന് എത്തുന്ന ആനകള്‍ കാട്ടിലേക്ക് തിരിച്ചുപോകാത്തത് പ്രതിസന്ധിയാണ്. കാട്ടില്‍ തീറ്റ ലഭിക്കാത്ത സാഹചര്യത്തിലാണ് നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തീറ്റതേടുന്ന ഇവറ്റകള് കൃഷി നശിപ്പിക്കുന്നുണ്ട്. ഇക്കാരണത്താല്‍ പാണിയേലി, പാണംകുഴി മേഖലകളില്‍ ആളുകള്‍ കൃഷി ഉപേക്ഷിച്ചു. ജൂണില്‍ പ്രഭാത സവാരിക്കിറങ്ങിയവരില് ഒരാളായ അരുവപ്പാറ കൊടകത്തൊട്ടി വീട്ടില്‍ രാഘവന് ഗുരുതര പരിക്കേറ്റിരുന്നു. ആറു വര്‍ഷം മുമ്പ് മുന്‍ പഞ്ചായത്ത് മെംബര്‍ ജോണ്‍ എബ്രഹാം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. വന്യമൃഗ ശല്യത്തിനെതിരെ പ്രതിഷേധം ശക്തമാണെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയാണ്.
20 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുതി തൂക്കുവേലി സ്ഥാപിക്കാന്‍ കഴിഞ്ഞ നവംബറില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും ഫലവത്തായില്ല. വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന ജനവാസ മേഖലയില്‍ വനപാലകരുടെ കൃത്യമായ നിരീക്ഷണമില്ലെന്നത് നേരത്തേ മുതലുള്ള ആക്ഷേപമാണ്.
കാട്ടാന ശല്യം ഒഴിയാതെ മലയാറ്റൂര്‍; വീണ്ടും ഒറ്റയാനിറങ്ങി
മലയാറ്റൂര്‍: കാട്ടാന ശല്യം ഒഴിയാതെ മലയാറ്റൂര്‍. മുളങ്കുഴിയില്‍ ശനിയാഴ്ച പുലര്‍ച്ച ജനവാസ മേഖലയില്‍ ഒറ്റയാനിറങ്ങി. തലേശ്ശേരി വീട്ടില്‍ സജീവന്റെ പറമ്പിലെ തെങ്ങ്, വാഴ, ജാതി, മോട്ടോര്‍, റബര്‍ ഷീറ്റുണ്ടാക്കുന്നതിനുവെച്ച മെഷീന്, ഷീറ്റ് മേഞ്ഞ ഷെഡ് എന്നിവ തകര്‍ത്തു. ചിന്നംവിളി കേട്ട സജീവനും കുടുംബവും അയല്‍വാസികളും വീടിന് പുറത്തിറങ്ങാതെ ടോര്‍ച്ച് തെളിച്ചും ബഹളംവെച്ചുമാണ് ആനയെ ഓടിച്ചത്. മുളങ്കുഴി, ഇല്ലിത്തോട് ഭാഗങ്ങളിലുള്ളവർ കാട്ടാനകളെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്.
കാട്ടാനകള്‍ എപ്പോള്‍ വരുമെന്നറിയാതെ രാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍ കോയിക്കര, മുന്‍ഗ്രാമപഞ്ചായത്ത് അംഗം കെ.ജെ. ബോബന് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഇല്ലിത്തോട് ഒന്നാം ബ്ലോക്കില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കുട്ടിയാന വീണിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും സബ് കലക്ടര്‍ സ്ഥലത്തെത്തി സുരക്ഷിതരാക്കാന്‍ നിർദേശങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.