കൊച്ചി: കളിയാരവം തീർത്ത മധ്യവേനലവധിക്കാലത്തിന് വിട. പഠനഭാരങ്ങളുടെ ആധിയില്ലാതെ കുരുന്നുകൾ കളിച്ചുല്ലസിച്ച രണ്ട് മാസങ്ങൾക്കൊടുവിൽ പുതിയ അധ്യയന വർഷത്തിന് ആദ്യ ബെല്ലടിക്കാൻ മണിക്കൂറുകൾ മാത്രം. പുത്തനുടുപ്പും ബാഗും കുടകളുമൊക്കെയായി അക്ഷരമുറ്റത്തെത്തുന്ന നവാഗതരെയടക്കം വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ഇക്കുറി സംസ്ഥാന സ്കൂൾ പ്രവേശനോത്സവം നടക്കുന്നത് ജില്ലയിലെ എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണെന്നത് ഇരട്ടി മധുരവുമായി. തിങ്കളാഴ്ച രാവിലെ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്.
കൊടുംവേനലിന് പിന്നാലെ പെരുമഴ; അധ്യയന വർഷാരംഭം ആശങ്കയോടെ
ഇത്തവണ മധ്യവേനലവധിക്കാലം കൊടുംചൂടിന്റെ ഘട്ടമായിരുന്നു. പകൽസമയങ്ങളിൽ പുറത്തിറങ്ങാൻപോലും കഴിയാത്ത സാഹചര്യം. അതുകൊണ്ടുതന്നെ മധ്യവേനലവധിക്കാലം കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രയാസകരമായിരുന്നു. എന്നാൽ, അവധിക്കാലത്തിന് വിടയേകി സ്കൂൾ അധ്യയനം പുനരാരംഭിക്കുമ്പോൾ പെരുമഴയാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയായിരുന്നു. കൊച്ചി നഗരത്തിലും സമീപ പ്രദേശങ്ങളിലുമെല്ലാം ഇതുമൂലമുണ്ടായ വെള്ളക്കെട്ട് ഏറെ പ്രയാസവും സൃഷ്ടിച്ചു. കാലവർഷം സജീവമാകുംമുന്നേ മഴ സൃഷ്ടിച്ച ഈ പ്രതിസന്ധി താരതമ്യേന മഴ ശക്തമാകേണ്ട വരുംദിവസങ്ങളിൽ ഏതുരീതിയിൽ പ്രതിഫലിക്കുമെന്നതാണ് ഇവരുടെ ആശങ്ക.
ലഹരിമാഫിയയെ തുരത്താൻ പൊലീസും എക്സൈസും
അധ്യയന വർഷമാരംഭിക്കുന്നതോടെ വിദ്യാർഥികളെ വലവീശാനായി രംഗത്തിറങ്ങുന്ന ലഹരിമാഫിയക്കെതിരെ സജീവ ഇടപെടൽ നടത്താനുള്ള നീക്കത്തിലാണ് പൊലീസും എക്സൈസും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കും.
സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻ.എസ്.എസ്, എസ്.പി.സി, ലഹരിവിരുദ്ധ ക്ലബുകൾ എന്നിവയുമായി ചേർന്നാണ് ലഹരി മാഫിയക്കെതിരെ നിരീക്ഷണം. ഇതോടൊപ്പം സ്കൂൾ പരിസരങ്ങളിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നിയമനടപടികളും നിരീക്ഷണങ്ങളും കാര്യക്ഷമമാക്കും. പ്രവേശനോത്സവത്തോടനുബന്ധിച്ച് രക്ഷാകർത്താക്കൾക്കും വിദ്യാർഥികൾക്കുമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ലഹരി മാഫിയയെക്കുറിച്ച വിവരം നൽകാൻ ടോൾഫ്രീ നമ്പറുകളും ഉയർന്ന ഉദ്യോഗസ്ഥരുടെ നമ്പറുകളും സ്റ്റിക്കറുകളാക്കി സ്കൂളുകളിൽ പതിക്കുന്നുമുണ്ട്.
വൈവിധ്യങ്ങളൊരുക്കി കുരുന്നുകൾക്ക് വരവേൽപ്
വൈവിധ്യങ്ങളായ പരിപാടികളൊരുക്കിയാണ് ഇക്കുറി ജില്ലയിലെ സ്കൂളുകൾ കുരുന്നുകളെ വരവേൽക്കുന്നത്. സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന് ആതിഥ്യം വഹിക്കുന്നത് ജില്ലയായതിനാൽ ജില്ലതല പ്രവേശനോത്സവമില്ല.
എന്നാൽ, 13 ഉപജില്ലകളിലും പ്രവേശനോത്സവങ്ങൾക്ക് ഒരുക്കം പൂർത്തിയായിട്ടുണ്ട്. ഇതോടൊപ്പം സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ബ്ലോക്ക് തലങ്ങളിലും പരിപാടികളുണ്ട്. ജില്ലയിലെ 992 സർക്കാർ-എയ്ഡഡ് സ്കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്. എല്ലാ സ്കൂളുകളിലും പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഇതിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. സ്കൂളുകൾ പെയിന്റടിച്ച് മനോഹരമാക്കിയും വർണവൈവിധ്യങ്ങൾ തീർക്കുന്ന ചിത്രങ്ങൾ വരച്ചും പരിസരശുചീകരണം നടത്തിയും തയാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ഇതോടൊപ്പം വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധനകളും പൂർത്തിയാക്കി.
സ്കൂൾവാഹന പരിശോധനകളും ഡ്രൈവർമാർക്കുള്ള പരിശീലനങ്ങളും മോട്ടോർ വാഹനവകുപ്പും നടത്തി. സ്കൂളുകൾ കേന്ദ്രീകരിച്ച് തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നവാഗതരെ വരവേൽക്കാൻ നിരവധി പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പാകട്ടെ പാഠപുസ്തക വിതരണമടക്കമുള്ള കാര്യങ്ങൾ പൂർത്തീകരിച്ചു. ഇതോടൊപ്പം അധ്യാപക ഒഴിവുകളിൽ പി.എസ്.സി വഴിയും താൽക്കാലികമായും നിയമനത്തിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.