കിടപ്പു രോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് മകനും കുടുംബവും

Estimated read time 0 min read

തൃപ്പൂണിത്തുറ: കിടപ്പു രോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്ന് മകനും കുടുംബവും. വെണ്ണല തിരുവാതിരയിൽ സുനിലിന്റെ ഉടമസ്ഥതയിലുള്ള എരൂർ വടക്കേ വൈമീതിയിലുള്ള വീട്ടിലാണ് സംഭവം. ഇവിടെ കഴിഞ്ഞ പത്ത് മാസമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു അജിത്തും കുടുംബവും. ടാക്സി ഡ്രൈവറായ അജിത്താണ് കിടപ്പ് രോഗിയായ പിതാവ് കെ. കെ. ഷൺമുഖ (68)നെ വാടക വീട്ടിൽ തനിച്ചാക്കി വ്യാഴാഴ്ച വൈകീട്ട് ഇവിടെ നിന്നും കടന്നത്.

വാടക വീട്ടിൽ നിന്നും മുഴുവൻ സാധനങ്ങളും മാറ്റിയെങ്കിലും പിതാവിനെ മാത്രം കൊണ്ടുപോയില്ല. നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് അകത്ത് ആളുള്ളതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇവർ ഭക്ഷണവും മറ്റും എത്തിച്ച് നൽകി. വെള്ളിയാഴ്ച പകൽ സമയം കഴിഞ്ഞിട്ടും മകൻ എത്താതായതോടെ അയൽ വീടുകളിലെ ആളുകൾ വീട്ടുടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. ഇയാൾ എത്തി പൊലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തുകയും നഗരസഭയുമായി ബന്ധപ്പെടുകയും ചെയ്തു.

ഡിവിഷൻ കൗൺസിലറും തൃപ്പൂണിത്തുറ നഗരസഭ വൈ.ചെയർമാനുമായ കെ. കെ.പ്രദീപിൻ്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെ പാലിയേറ്റീവ് പ്രവർത്തകരെ വീട്ടിലെത്തിക്കുകയും ട്യൂബ് ഉൾപ്പെടെ നീക്കുകയും പ്രാഥമിക ശുശ്രൂഷകൾ നൽകി. തുടർന്ന് ഷൺമുഖനെ ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റി. ടാക്സി ഡ്രൈവറായ മകൻ അജിത്തിൻ്റെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വേളാങ്കണ്ണിയിലാണെന്നും സഹോദരി വന്ന് പിതാവിനെ കൊണ്ടു പോകുമെന്നുമാണ് പറഞ്ഞത്. എന്നാൽ ഷൺമുഖനെ കൊണ്ടുപോകാൻ ആരും എത്തിയില്ല. അജിത്ത് വീട് മാറിയെന്നും വീട്ടിൽ പിതാവുണ്ടെന്നും വീട്ടുടമസ്ഥനെ അറിയിച്ചിരുന്നില്ലെന്ന് വീട്ടുടമസ്ഥനായ സുനിൽ പറഞ്ഞു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഷൺമുഖനും മകന്റെ കുടുംബവും ഈ വീട്ടിൽ താമസം തുടങ്ങിയത്. അടിമാലി സ്വദേശിയായ ഷൺമുഖന് മൂന്ന് മക്കളാണ് ഉള്ളത്. വർഷങ്ങളായി എറണാകുളത്താണ് താമസിക്കുന്നത്. വാടക കൊടുക്കാതെ ആയപ്പോൾ ഇവരോട് മാറണമെന്ന് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ മാറാൻ തയ്യാറാകാതെ വന്നപ്പോൾ വീട്ടുടമസ്ഥൻ പൊലീസ് സ്റ്റേഷനിലും മറ്റും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വീട്ടുടമസ്ഥനെ അറിയിക്കാതെ പിതാവിനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞത്.

വാർഡ് കൗൺസിലറും നഗരസഭ വൈസ് ചെയർമാനുമായ കെ.കെ. പ്രദീപ് കുമാറിന്റെ മൊഴിയിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി നിർദ്ദേശിച്ചു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോതമംഗലത്തുള്ള സഹോദരനും ഷൺമുഖൻ്റെ മകളും വൈകീട്ടോടെ പൊലീസ് സ്റ്റേഷനിലെത്തി തൻ്റെ വീട്ടിലേക്ക് കൊണ്ടു പോകാമെന്ന് സഹോദരൻ വിജയൻ അറിയിച്ചു. സഹോദരനൊപ്പം ഷൺമുഖനെ വിട്ടതായി ഹിൽ പാലസ് പൊലീസ് പറഞ്ഞു.

You May Also Like

More From Author