നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മസ്കത്ത് വിമാന റദ്ദാക്കി. രാവിലെ 8.50ന് മസ്കത്തിലേക്കുള്ള യാത്രക്കാരുടെ ചെക്കിങ് നടപടികൾ പൂർത്തിയായതായിരുന്നു. എന്നാൽ, അവസാന നിമിഷം വിമാന ജീവനക്കാർ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ജോലിയിൽനിന്ന് മാറി നിന്നതോടെ വിമാനം റദ്ദാക്കേണ്ടി വരികയായിരുന്നു.
വിമാനം റദ്ദാക്കിയതോടെ യാത്രക്കാർ ബഹളമുണ്ടാക്കി. ചിലർക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റിക്കൊടുത്തു. മറ്റു ചിലർക്ക് ടിക്കറ്റ് റദ്ദാക്കി പണം തിരികെ നൽകുകയും ചെയ്തു.
ഇന്ന് വൈകുന്നേരം പുറപ്പെടേണ്ട കൊൽക്കത്ത വിമാനവും റദ്ദാക്കിയിട്ടുണ്ട്.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നാല് സർവിസുകളാണ് ഇന്ന് റദ്ദാക്കിയത്. ഷാര്‍ജ, അബൂദബി, ദമ്മാം വിമാന സര്‍വിസുകളാണ് റദ്ദാക്കിയത്.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ഇന്നലെ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ 80ലേറെ വിമാന സർവിസുകൾ മുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ജീവനക്കാരുടെ സമരം ഇന്നും തുടരുകയാണ്.