മൂവാറ്റുപുഴ: മൂന്നുപവൻ മാലക്കും പണത്തിനും വേണ്ടി അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മകനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആയവന കുഴുമ്പിത്താഴം വടക്കേക്കര വീട്ടിൽ കൗസല്യയെ (65) കൊലപ്പെടുത്തിയ കേസിൽ ഇളയ മകൻ ജിജോയെയാണ് (41) റിമാൻഡ് ചെയ്തത്. പ്രതിയെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്ന് ഡിവൈ.എസ്.പി എ.ജെ. തോമസ് പറഞ്ഞു.
അമ്മയുടെ പേരിൽ സഹകരണ ബാങ്കിലുള്ള 50,000 രൂപയുടെ നിക്ഷേപം തട്ടിയെടുക്കാൻ കൂടിയായിരുന്നു കൗസല്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹകരണ ബാങ്കിലെ നിക്ഷേപത്തിൽ നോമിനിയായി ചേർത്തിരുന്നത് ജിജോയെയാണ്. ഞായറാഴ്ച അമ്മയും സഹോദരനും താമസിക്കുന്ന കുഴുമ്പിത്താഴത്തെ തറവാട്ടിൽ ജിജോ എത്തിയത് മകളുടെ ഷാളുമായാണ്. തുടർന്ന് അമ്മ പാചകംചെയ്ത ഭക്ഷണം കഴിച്ച് പുറത്തുപോയ ഇയാൾ വൈകീട്ട് അഞ്ചോടെ വീട്ടിലെത്തി കൃത്യം നടത്തുകയായിരുന്നു. ജിജോ വീട്ടിലെത്തിയപ്പോൾ അലമാരയിൽ സാധനങ്ങൾ അടുക്കിവെക്കുകയായിരുന്നു കൗസല്യ.
ഷാൾ ഉപയോഗിച്ച് കഴുത്തിൽ വരിഞ്ഞുമുറുക്കി കൊലപ്പെടുത്തുകയായിരുവെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ പോത്താനിക്കാട് ഇൻസ്പെക്ടർ സജിൻ ശശി പറഞ്ഞു. തുടർന്ന് മാല മോഷ്ടിച്ചശേഷം വീട്ടിൽനിന്ന് കടന്നു. ഇതിനുശേഷം സഹോദരനൊപ്പം മദ്യപിക്കുകയും രണ്ടുമണിക്കൂറോളം കൂടെ ചെലവഴിക്കുകയും ചെയ്തു. തുടർന്നാണ് ഏഴരയോടെ ഇരുവരും വീട്ടിലെത്തിയതും അമ്മ മരിച്ചെന്ന് നാട്ടുകാരെ അറിയിക്കുന്നതും. കൗസല്യയെ പരിശോധിച്ച ഡോക്ടറാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ചതും പൊലീസിനെ അറിയിച്ചതും. തുടർന്ന് പൊലീസ് നടത്തിയ ചടുല നീക്കങ്ങളാണ് ജിജോയെ കുടുക്കിയത്.
പ്രതിയെ കുടുക്കിയത് പൊലീസിന്റെ ചടുല നീക്കം
മൂവാറ്റുപുഴ: ആയവന കുഴിമ്പിത്താഴത്ത് മകൻ അമ്മയെ കൊലപ്പെടുത്തിയ കേസിൽ സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാൻ സഹായിച്ചത് പൊലീസിന്റെ കൃത്യതയാർന്ന കണ്ടെത്തലുകളും ചടുല നീക്കവും. കൊല്ലപ്പെട്ട കൗസല്യയുടെ മൂക്കിന്റെ അറ്റത്തെ നഖംകൊണ്ടുള്ള മുറിവാണ് അന്വേഷണസംഘത്തിന് പ്രതി ജിജോ തന്നെയാണെന്ന് ഉറപ്പിക്കാൻ സഹായകമായത്. കൗസല്യയുടെ മരണവിവരം നാട്ടുകാരെ അറിയിച്ചത് ജിജോയും സഹോദരൻ സിജോയും ചേർന്നാണ്. ഇൻക്വസ്റ്റ് നടപടികൾക്കിടെയാണ് മൂക്കിലെ മുറിവ് കണ്ടത്. ഇത് നഖം കൊണ്ടുള്ളതാണെന്ന് ബോധ്യമാകുകയും ചെയ്തു. കൈ നഖം വളർത്തിയ ജിജോയെ തുടർന്ന് പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.
പൊലീസ് നായെ എത്തിച്ചപ്പോൾ ഇയാൾ തന്ത്രപൂർവം ഒഴിഞ്ഞുനിന്നതും സംശയം ബലപ്പെടുത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് എടുക്കുമ്പോൾ സഹോദരങ്ങൾ രണ്ടുപേരും ആംബുലൻസിൽ കയറാൻ ശ്രമിച്ചെങ്കിലും സിജോയെ മാത്രമാണ് പോകാൻ അനുവദിച്ചത്. ആംബുലൻസ് ആശുപത്രിയിലേക്ക് പോയതിനുപിന്നാലെ പൊലീസ് അനുനയത്തിൽ ജിജോയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ഞായറാഴ്ച രാവിലെ തറവാട്ട് വീട്ടിലെത്തിയ ജിജോക്ക് അമ്മ കോഴിക്കറിയും കപ്പയും പാകംചെയ്ത് നൽകിയിരുന്നു.
ഇത് കഴിച്ച് സഹോദരനൊപ്പം പുറത്തുപോയ ഇയാൾ ഇടക്ക് മടങ്ങിവന്നാണ് കൃത്യം നടത്തിയത്. തുടർന്ന്, എല്ലാ കാര്യങ്ങൾക്കും ഇയാൾ മുൻപന്തിയിലുണ്ടായിരുന്നു. തിങ്കളാഴ്ചതന്നെ പൊലീസ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുകയും കൊലക്ക് ഉപയോഗിച്ച ഷാളും കൗസല്യയുടെ നഷ്ടപ്പെട്ട മാലയും കണ്ടെത്തുകയും ചെയ്തിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്.പി എ.ജെ. തോമസിന്റെ നേതൃത്വത്തിൽ കല്ലൂർക്കാട് എസ്.ഐ രവി സന്തോഷ്, പോത്താനിക്കാട് ഇൻസ്പെക്ടർ സജിൻ ശശി, കുട്ടമ്പുഴ ഇൻസ്പെക്ടർ ഷൈൻ, കല്ലൂർക്കാട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ അനിൽകുമാർ, അബ്ദുറഹ്മാൻ, ബഷീർ, എഡിസൻ മാത്യു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.