കാക്കനാട്: തൃക്കാക്കര നഗരസഭയുടെ അക്കൗണ്ടുള്ള ബാങ്കിൽനിന്ന് നഗരസഭ വൈസ് ചെയർമാൻ സമ്മാന കുപ്പൺ കൈപ്പറ്റിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 18 എൽ.ഡി.എഫ് കൗൺസിലർമാർ വിജിലൻസിന് പരാതി നൽകി. 5000 രൂപ വിലവരുന്ന 50 ഗിഫ്റ്റ് കൂപ്പണുകളാണ് കൗൺസിലർമാർക്ക് വിതരണം ചെയ്യാൻ വൈസ് ചെയർമാൻ വാങ്ങിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വൈസ് ചെയർമാൻ പി.എം. യൂനസ് നഗരസഭയുടെ കോടികളുടെ ഫണ്ട് ഡിപ്പോസിറ്റുള്ള കാക്കനാട് സൗത്ത് ഇന്ത്യൻ ബാങ്കിനെ സ്വാധീനിച്ച് അധികാരം ദുരുപയോഗം ചെയ്തതായും പരാതിയിൽ പറയുന്നു.
ടാക്സ് ഇനത്തിൽ ഗവൺമെന്റിലേക്ക് അടക്കേണ്ട തുക ഗിഫ്റ്റ് വൗച്ചറായി വാങ്ങിയത് നിയമ വിരുദ്ധമാണന്നും നഗരസഭ സെക്രട്ടറിയുടെ ലെറ്റർ പാഡിൽ രണ്ടര ലക്ഷം രൂപ സ്വകാര്യ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അടക്കണമെന്ന് കാണിച്ച് വ്യാജമായി നിർമിച്ച കത്തിൽ വൈസ് ചെയർമാൻ ഒപ്പും സീലും വച്ച് വ്യാജരേഖ ചമച്ചത് അന്വേഷിക്കണമെന്നുമാണ് പരാതിയിലുള്ളത്.