പൊലീസ് പിടികൂടിയ ടൺകണക്കിന് പടക്കത്തിന് കൂട്ടത്തോടെ തീക്കൊളുത്തി, നാട്ടുകാർ ഭയന്നുവിറച്ചു; നിരവധി വീടുകൾക്ക് നാശനഷ്ടം

അങ്കമാലി: അനധികൃത വിൽപനക്കിടെ പൊലീസ് പിടിച്ചെടുത്ത പടക്കങ്ങളും ഗുണ്ടുകളുമടക്കമുള്ള സ്ഫോടക വസ്തുക്കൾക്ക് പാറമടയിൽ എത്തിച്ച് കൂട്ടത്തോടെ തീക്കൊളുത്തി. സമീപത്തെ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടം നേരിട്ടു.

മൂക്കന്നൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് ദേവഗിരിയിലെ പ്രവർത്തന രഹിതമായ വി.പി.ജി എന്ന പാറമടയിൽ വെള്ളിയാഴ്ച രാവിലെ പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും മറ്റ് വസ്തു വകകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. വിഷുവിന് അങ്കമാലിയിലും പരിസരങ്ങളിലുമുള്ള വിവിധ പടക്ക മൊത്തവിൽപന കേന്ദ്രങ്ങളിലും നിർമാണ കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി പിടികൂടിയ ലക്ഷങ്ങൾ വിലമതിക്കുന്ന ടൺ കണക്കിന് പടക്കങ്ങളും ഗുണ്ടുകളുമാണ് വെള്ളിയാഴ്ച രാവിലെ കത്തിച്ചത്. ഇതിനിടെ നാല് കിലോമീറ്റർ ചുറ്റളവിലാണ് നാശനഷ്ടമുണ്ടായത്.

മൂക്കന്നൂർ ദേവഗിരിയിലെ പാറമടയിൽ പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ച പ്രദേശവാസികൾ പാറമടയിലെത്തി പ്രതിഷേധിച്ചപ്പോൾ

മൂക്കന്നൂർ ദേവഗിരിയിലെ പാറമടയിൽ പടക്കങ്ങൾ നിർവീര്യമാക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ച പ്രദേശവാസികൾ പാറമടയിലെത്തി പ്രതിഷേധിച്ചപ്പോൾ

പാറയുടമയുടെ ലോറിയിൽ എത്തിച്ച സ്ഫോടക വസ്തുക്കൾ അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലാണ് നിർവീര്യമാക്കിയത്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പടക്കങ്ങളും, സ്ഫോടക വസ്തുക്കളും ജനവാസമില്ലാത്ത പ്രദേശങ്ങളിലാണ് സാധാരണ നിർവീര്യമാക്കാറുള്ളത്. ടൺകണക്കിന് ശേഖരം ഒരുമിച്ച് നിർവീര്യമാക്കാനുള്ള ശ്രമമാണ് നാശനഷ്ടങ്ങൾക്കിടയാക്കിയതെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. നിർവീര്യമാക്കുന്നത് സംബന്ധിച്ച് സമീപവാസികളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലത്രെ.

ഭൂമി കിലുക്കം പോലെ പൊടുന്നനെ അത്യുഗ്ര ശബ്ദമുയർന്നതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുകയായിരുന്നു. വളർത്തുമൃഗങ്ങൾ ഭയന്ന് വിറച്ച് കയർ പൊട്ടിച്ചോടി. പല വീടുകളുടെയും ഭിത്തികൾക്കും മേൽക്കൂരകൾക്കും വിള്ളൽ സംഭവിച്ചു. കിണറുകളും വിണ്ടുകീറി. സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങുന്ന പ്രദേശവാസികൾ എന്താണ് സംഭവിച്ചതെന്നറിയാൻ പരസ്പരം അയൽവീടുകളിലെത്തി കാര്യം തിരക്കുകയായിരുന്നു. ഒടുവിൽ വിവരമറിഞ്ഞ് നിർവീര്യമാക്കൽ പ്രക്രിയ പൂർത്തിയായ ശേഷം നാട്ടുകാർ പ്രതിഷേധവുമായി പാറമടയിലേക്കെത്തുകയായിരുന്നു.

സാധാരണ പാറമടയിലെ കല്ലിനുള്ളിൽ തിരി നാട്ടി അതിൽ ബാറ്ററി ഉപയോഗിച്ച് വൈദ്യുതി പ്രവഹിപ്പിച്ച് കല്ലുകൾ മാത്രം പൊട്ടിത്തെറിക്കുന്ന രീതിയാണ് പ്രയോഗിക്കാറുള്ളത്. അപ്പോൾ അത്യുഗ്രശബ്ദം ഒഴിവാക്കാനാകും. എന്നാൽ നിശ്ചിത അളവിൽ പടക്കങ്ങൾക്ക് തീ കൊളുത്തി നിർവീര്യമാക്കുന്ന രീതി പ്രയോഗിക്കാതെ വൻശേഖരം ഒരേ സമയംകൂട്ടിയിട്ട് നശിപ്പിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതാകാം   നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പടക്കം നിർവീര്യമാക്കുന്ന മറവിൽ പാറമടയിലെ സ്റ്റോക്കുള്ള സ്ഫോടക വസ്തുക്കളും തുറസായ സ്ഥലത്ത് നശിപ്പിക്കാൻ ശ്രമം നടത്തിയിട്ടുണ്ടാകുമെന്നും ഇവർ പറഞ്ഞു.

മണിക്കൂറുകളോളം നീണ്ട പ്രതിഷേധമറിഞ്ഞ് ആലുവ ഡിവൈ.എസ്.പി എ. പ്രസാദും അങ്കമാലി പൊലീസും സ്ഥലത്തെത്തി. എന്നാൽ, ജില്ല കലക്ടർ സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കോടതിയുടെ അനുവാദത്തോടെയാണ് പടക്കങ്ങൾ നിർവീര്യമാക്കിയതെന്നാണ് പൊലീസുകാർ പറയുന്നത്. മണിക്കൂറുകളോളം നീണ്ട നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ താലൂക്ക്, റവന്യൂ അധികൃതരും സ്ഥലത്തെത്തി. വില്ലേജ് അധികൃതർ ഇടപെട്ട് നാശനഷ്ടങ്ങളുടെ പരാതികൾ സ്വീകരിച്ച് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ നൽകിയ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.

You May Also Like

More From Author

+ There are no comments

Add yours