
ആലുവ: ദേശീയപാതയിൽ ട്രെയിലർ ലോറി പാതയോരത്തെ 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം പില്ലർ 75ന് മുൻവശമാണ് ട്രെയിലർ തലകീഴായി മറിഞ്ഞത്. വെള്ളിയാഴ്ച പുലർച്ച 3.30നായിരുന്നു അപകടം. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. റോഡരികിലെ കലുങ്കിന്റെ ചെറിയ കൈവരി തകർത്താണ് ലോറി തലകീഴായി മറിഞ്ഞത്.
നാഗാലാന്റ് രജിസ്ട്രേഷനിലുള്ളതാണ് ട്രെയിലർ. വലിയ ശബ്ദംകേട്ട് സമീപവാസികളെത്തി പരിശോധിച്ചപ്പോഴാണ് കാനയിൽ വീണ ട്രെയിലർ കണ്ടത്. വള്ളിപ്പടർപ്പുകളും മറ്റും നിറഞ്ഞ ഭാഗമായതിനാൽ ലോറി മറിഞ്ഞുകിടക്കുന്നത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടില്ല. രണ്ട് ക്രെയിനുകളുടെ സഹായം ഉണ്ടെങ്കിലേ ട്രെയിലർ ഉയർത്താനാകൂ. ദേശീയപാതയിലെ വാഹനത്തിരക്ക് പരിഗണിച്ച് രാത്രിയിലേ, മറിഞ്ഞ ട്രെയിലർ ഉയർത്തൂവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് നിരവധി സ്വകാര്യ കമ്പനികളുടെ കേബിളുകൾ മുറിഞ്ഞിട്ടുണ്ട്. കുടിവെള്ള പൈപ്പുകളും പൊട്ടി. ഇവയുടെ അറ്റകുറ്റപ്പണി ഇന്നലെ തന്നെ ആരംഭിച്ചിട്ടുണ്ട്.
