ക്രിമിനൽ സ്വഭാവം കൂടുതൽ മുസ്‌ലിംകൾക്ക്, എന്ത് തെറ്റ് ചെയ്‌താലും പള്ളിയിൽ പോയി പ്രാർത്ഥിച്ചാൽ മതി -വിദ്വേഷ പരാമർശവുമായി സി.പി.എം നേതാവ്

മൂവാറ്റുപുഴ: സമൂഹമാധ്യമത്തിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി സി.പി.എം നേതാവ്. സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്‌ലിംകൾക്കാണെന്നാണ് സി.പി.എം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് എം.ജെ ഫേസ്ബുക്ക് കമന്‍റിൽ പറഞ്ഞത്. എന്ത് തെറ്റ് ചെയ്‌താലും പള്ളിയിൽ പോയി അഞ്ച് നേരം പ്രാർത്ഥിച്ചാൽ മതി…. എന്നിങ്ങനെയാണ് ഫ്രാൻസിസ് എം.ജെ കമന്‍റ് ചെയ്തത്.

ഈ സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവ ഉള്ളത് മുസ്ലീങ്ങൾക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്‌താലും പള്ളിയിൽ പോയി അഞ്ച് നേരം പ്രാർത്ഥിച്ചാൽ മതി അതുപോലെ എല്ലാവർഷവും നോമ്പ് നോറ്റ് പകൽ മുഴുവൻ ഉമിനീര് രാത്രി നല്ല ഭക്ഷണവും കഴിച്ച് ഉറങ്ങിയാൽ ഒരു വർഷക്കാലം പ്ലാൻ ചെയ്ത ത*************** പോരായ്മകളും പരിഹാരം ഉണ്ടാവും എന്നാണ് മതപുരോഹിതന്മാർ പഠിപ്പിക്കുന്നത് -എന്നായിരുന്നു സി.പി.എം നേതാവിന്‍റെ കമന്‍റ്.

ഈ ഫേസ്ബുക്ക് കമന്‍റിന്‍റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തു. ഇതോടെ േനതാവിന്‍റെ പരാമർശം തളളി വിശദീകരണവുമായി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്തെത്തി. പരമാർശം സി.പി.എമ്മിന്‍റെ നിലപാടല്ലെന്ന് ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ആർ.എസ്.എസും, കാസയും, മുസ്‌ലിം വിരോധം വളർത്താനും അതുവഴി രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനും വേണ്ടി പ്രചരിപ്പിക്കുന്ന ആശയങ്ങൾക്ക് പാർട്ടിയുടെ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരോ പാർട്ടി അംഗങ്ങളോ അനുഭാവികളോ വശംവദരാവുന്നത് അതീവ ഗൗരവത്തോടെ പാർട്ടി കാണുന്നുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.

വിശദീകരണക്കുറിപ്പ് പൂർണരൂപം:

കഴിഞ്ഞ ദിവസം പാർട്ടി ആവോലി ലോക്കൽ സെക്രട്ടറി ഫേസ്ബുക്ക് കമെൻറിലൂടെ മുസ്ലിം സമുദായത്തെ കുറിച്ച് നടത്തിയ പരമാർശം സിപിഐഎമ്മിന്റെ നിലപാടല്ല. ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയ ശക്തികൾ നടത്തുന്ന അക്രമങ്ങൾക്കെതിരെയും വെല്ലുവിളികൾക്കെതിരെയും ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐഎം. ആർഎസ്എസും, കാസയും, മുസ്ലിം വിരോധം വളർത്താനും അതുവഴി രാഷ്ട്രീയ ലക്ഷ്യം നേടുന്നതിനും വേണ്ടി പ്രചരിപ്പിക്കുന്ന ആശയങ്ങൾക്ക് പാർട്ടിയുടെ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരോ, പാർട്ടി അംഗങ്ങളോ, അനുഭാവികളോ വശംവദരാവുന്നത് അതീവ ഗൗരവത്തോടെ പാർട്ടി കാണുകയും, അവരെ തിരുത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഏതു സാഹചര്യത്തിലും മതേതര നിലപാട് ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകാനും സമൂഹത്തിൽ സ്പർദ്ധ വളർത്തുന്ന ശക്തികളെ ഒറ്റപ്പെടുത്താനും പാർട്ടി മുൻകൈയെടുക്കും.

You May Also Like

More From Author

+ There are no comments

Add yours