മൂവാറ്റുപുഴ: മിനി ലോറിയിൽ രാസലഹരി കടത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്നു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കല്ലൂർക്കാട് കലൂർ കാരിക്കൽ ഡാൽമിൻ ജോർജ് (24), കല്ലൂർക്കാട് രണ്ടുകല്ലിങ്കൽ അമൽ സാജു (24), ഏനാനല്ലൂർ പുതുവല്യച്ചിറയിൽ ബിനു (34) എന്നിവരെയാണ് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടാണ് വാഴക്കുളത്തുനിന്ന് പൈനാപ്പിൾ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന മിനിലോറിയിൽ പരിശോധന നടത്തിയത്.
മയക്കുമരുന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇടുക്കി പൊലീസിന്റെ സ്പെഷൽ സ്ക്വാഡ് പ്രതികളെ പിടികൂടി വാഴക്കുളം പൊലീസിന് കൈമാറുകയായിരുന്നു. ഇവരിൽനിന്ന് നാല് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഡാൽമിൻ സ്ഥിരം കുറ്റവാളിയാണ്. ഇയാളുടെ പേരിൽ വധശ്രമം അടക്കം തൊടുപുഴ സ്റ്റേഷനിൽ മൂന്നും കരിങ്കുന്നം, കല്ലൂർക്കാട് സ്റ്റേഷനുകളിൽ ഒന്നുവീതവും കേസുണ്ട്.

